പട്ടീശ്വരം കോവിൽ
സ്വാമിമലയിൽ നിന്നും ഇനി പോവേണ്ടത് പട്ടീശ്വരം ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലേയ്ക്കാണ്. സ്വാമിമലയിൽ നിന്നും ഒറ്റ ബസ്സിന് പട്ടീശ്വരത്തേയ്ക്ക് പോകുന്നത് അത്ര എളുപ്പമല്ല. സ്വാമിമലയിൽ നിന്നും 2 കിലോമീറ്റർ യാത്ര ചെയ്ത് കാഞ്ചീപുരം ഹൈവേയിലെത്തി അവിടെ നിന്നും പട്ടീശ്വരം വഴിയുള്ള ബസ്സ് പിടിച്ചാലേ ക്ഷേത്രത്തിലേയ്ക്ക് എത്താൻ കഴിയൂ. അധികം കാത്ത് നിൽക്കാതെ തന്നെ ബസ്സുകൾ ലഭിച്ച് 9ന് പട്ടീശ്വരം ക്ഷേത്ര സന്നിധിയിലെത്തി. തികച്ചും ഗ്രാമീണമായ കാർഷിക മേഖലയാണ് പട്ടീശ്വരം. കരിമ്പും, നെല്ലും കൃഷി ചെയ്യുന്ന വയലുകൾ ധാരാളമായി പോകും വഴിയിൽ കാണാൻ കഴിയും. ഇത് കൂടാതെ പട്ട്‌സാരി നെയ്ത്തും ചിലർ കുലത്തൊഴിലായി ഈ മേഖലയിൽ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
ദുർഗ്ഗാദേവി ക്ഷേത്രമായാണ് പട്ടീശ്വരം അറിയപ്പെടുന്നതെങ്കിലും ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശിവനാണ്. ധേനുപുരേശ്വരൻ, പട്ടീശ്വരൻ എന്നീ പേരുകളിൽ ശിവഭഗവാൻ ഇവിടെ അറിയപ്പെടുന്നു. ശ്രീരാമനാണ് ഇവിടെ ശിവലിംഗപ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. എന്നാൽ ശാന്തസ്വരൂപിയായ ദുർഗ്ഗാദേവിയുടെ നാമത്തിലാണ് പട്ടീശ്വരം കോവിൽ പുറമേ അറിയപ്പെടുന്നത്. അഞ്ച് രാജഗോപുരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ നിന്നു തന്നെ ഉദ്ദേശം 8 അടിയെങ്കിലും ഉയരമുള്ള അഷ്ടബാഹുവായ അതിസുന്ദര ദേവീ വിഗ്രഹം നമുക്ക് കാണാൻ കഴിയും.
ശിവനെപ്പോലെതന്നെ ത്രിനേത്രയാണ് ഇവിടെ ദേവി. മാത്രമല്ല സാധാരണയായി ദുർഗ്ഗാക്ഷേത്രങ്ങളിൽ ദേവീ വാഹനമായ സിംഹം ദേവിയുടെ വലത്തു വശത്താണ് കാണപ്പെടുന്നതെങ്കിൽ ഇവിടെ ഇടത്തേയ്ക്ക് മുഖംതിരിച്ചാണ് നിൽക്കുന്നത്. പ്രധാനമായും രാഹുകേതു ദോഷപരിഹാരാർത്ഥമാണ് ഭക്തർ ഇവിടെ ദേവിയെ ഉപാസിക്കാൻ എത്തുന്നത്. അതുകൊണ്ട് തന്നെ രാഹുകാലങ്ങളിൽ ഇവിടെ ദേവിയ്ക്ക് പ്രത്യേകം പൂജകൾ നടത്തപ്പെടുന്നു. കൂടാതെ ചൊവ്വാദോഷപരിഹാരവും ഇവിടെ ലഭിക്കുമെന്നാണ് ഭക്തവിശ്വാസം. ഗണപതി, ഭൈരവൻ തുടങ്ങിയ പ്രതിഷ്ഠകളും ഇവിടെ ഉണ്ട്.
ചരിത്രം.
ക്ഷേത്ര നിർമ്മിതിയുടെ കാലഘട്ടം കൃത്യമായി എഴുതപ്പെട്ടിട്ടില്ല. എങ്കിലും പല്ലവ, ചോള, നായക കാലഘട്ടങ്ങളിൽ ക്ഷേത്രം നിർമ്മിക്കുകയും പുനർ നിർമ്മിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. കാമധേനുവിന്റെ മകളായ പട്ടി (പശുക്കിടാവിന്റെ പേരാണ്) ഇവിടെ ശിവധ്യാനം നടത്തിയത് കൊണ്ടാണ് പട്ടീശ്വരം എന്ന പേര് ലഭിച്ചതെന്ന് ഐതിഹ്യത്തിൽ പറയപ്പെടുന്നു.
ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചതിന് ശേഷം കുംഭകോണത്തേയ്ക്ക് തിരികെ ബസ്സ് പിടിച്ചു. ഇനി ആദികുംഭേശ്വര ക്ഷേത്രവും, കാശിവിശ്വനാഥ ക്ഷേത്രവും ശ്രീരാമക്ഷേത്രവുമാണ് ദർശിക്കേണ്ടത്.
തുടരും ആദികുംഭേശ്വരനും മറ്റ് ക്ഷേത്രങ്ങളും


0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home