ചിദംബരം 1
ചിദംബരം 1
വൈത്തീശ്വരൻ കോവിൽ നിന്നും ഇനി എനിക്ക് പോവേണ്ടത് ചിദംബരത്തേയ്ക്കാണ്. പഞ്ചഭൂതക്ഷേത്രങ്ങളിൽ ഒരു പക്ഷെ എന്നെ ഏറ്റവും സ്വാധീനിച്ച രണ്ട് ക്ഷേത്രങ്ങളിലൊന്നാണ് ചിദംബരം. മറ്റൊന്ന് കാളഹസ്തീശ്വരമാണ്. 25 കിലോമീറ്ററാണ് റോഡ്മാർഗ്ഗം വൈത്തീശ്വരൻ കോവിലിൽ നിന്നും ചിദംബരത്തേയ്ക്കുള്ളത്. കുറച്ച് നേരത്തെ കാത്ത് നിൽപ്പിനുശേഷം ചിദംബരത്തേയ്ക്കുള്ള ലിമിറ്റഡ്‌സ്റ്റോപ്പ് ബസ് ലഭിച്ചു. 45 മിനിട്ട് സമയമെടുത്തു ബസ്സ് ചിദംബരത്ത് എത്തിച്ചേരാൻ. ജലദൗർലഭ്യം ഏറെയുള്ള മേഖലകളിലൂടെയാണ് ബസ്സ് കടന്നുപോയത്. എന്നാൽ ഏതാണ്ട് മിക്ക മേഖലകളിലും കാർഷിക ആവശ്യത്തിന് ജലമെത്തിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. ഏകദേശം വൈകിട്ട് 6.30 ഓടെ ബസ്സ് ചിദംബരം നഗരത്തിലേയ്ക്ക് പ്രവേശിച്ചു.
ബസ് സ്റ്റാൻഡിലേയ്ക്ക് തിരിയുമ്പോൾ തന്നെ ചിദംബരനാഥന്റെ ക്ഷേത്രത്തിന്റെ സ്വാഗത കവാടം നമുക്ക് കാണാം. കോവിലിനോട് ചേർന്നുള്ള ബസ് സ്‌റ്റോപ്പിൽ തന്നെ ഇറങ്ങി. സ്വാഗത കവാടത്തിനുള്ളിൽ തന്നെയുള്ള ലോഡ്ജിൽ എ.സി മുറിയ്ക്ക് 600 രൂപയാണ് ഈടാക്കിയത്. കുറച്ചു നേരത്തെ വിശ്രമത്തിനും കുളിക്കും ശേഷം ക്ഷേത്രത്തിലേയ്ക്ക് പോകാം എന്ന തീരുമാനത്തിലെത്തി. രാത്രി 9.30 വരെ ക്ഷേത്ര നട തുറന്നിരിക്കുമെന്ന് അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതിലാണ് ദർശനം ഇന്ന് തന്നെയാകാം എന്ന് തീരുമാനിച്ചത്.
നേരം നന്നായി ഇരുട്ടിയിരുന്നെങ്കിലും വഴിവിളക്കുകളുടെ പ്രകാശത്തിൽ ക്ഷേത്രത്തിലേയ്ക്ക് നടക്കാൻ ബുദ്ധിമൊട്ടൊന്നും നേരിട്ടില്ല. ആദ്യ ഗോപുരം കടക്കുമ്പോൾതന്നെ കവാടത്തിൽ ഗണപതിയുടെ ഒരു പ്രതിഷ്ഠ കാണാൻ കഴിഞ്ഞു. വിഘ്‌നേശ്വരനെ തൊഴുത് അകത്തേയ്ക്ക് നടന്നു. ചിദംബരം പട്ടണത്തിന്റെ നടുക്ക് 25 ഏക്കറിലാണ് ചിദംബരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ രണ്ടാമത്തെ ഗോപുരം കടന്നപ്പോൾ വിശാലമായ അകത്തളത്തിലേയ്ക്ക് പ്രവേശിച്ചു.നേരെ മുന്നിലും വലതു ഭാഗത്തും രണ്ട് ശ്രീകോവിലുകൾ കാണാൻ കഴിഞ്ഞു. എന്നാൽ പ്രധാന ശ്രീകോവിൽ എവിടെയാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ കഴിയാതെ വന്ന ഞാൻ തൊട്ടടുത്ത് വലതു ഭാഗത്തേയ്ക്ക് കണ്ട വഴിയിലൂടെ നടപ്പ് തുടർന്നു. എന്നാൽ അൽപം പോയപ്പോൾ തന്നെ ഇത് ക്ഷേത്രത്തിൽ നിന്നും പുറത്തേയ്ക്കുള്ള മറ്റൊരു വഴിയാണെന്ന് മനസ്സിലായി.
തിരികെ നടക്കാൻ തുടങ്ങിയ ഞാൻ തൊട്ട് ഇടതുവശത്തായി മറ്റൊരു ക്ഷേത്രം കണ്ടു. അവിടെയും ഗണപതിയെത്തന്നെയാണ് പ്രതിഷ്ഠിച്ചിരുന്നത്. തൊഴുതു കഴിഞ്ഞപ്പോൾ രണ്ട് പൂജാരിമാർ ഒരു പാത്രത്തിൽ നിന്നും പ്രസാദം വിതരണം ചെയ്യുന്നതും ആളുകൾ അത് മേടിച്ച് കഴിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ക്ഷേത്രത്തിൽ തൊഴാൻ എത്തുന്നവർക്ക് മാത്രമല്ല പ്രധാന ക്ഷേത്രത്തിനുള്ളിലേക്ക് പോകുന്നവർക്കും അവർ അടുത്ത് വിളിച്ച് പ്രസാദം വിതരണം ചെയ്യുന്നുണ്ടായിരുന്നു. കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ ആ സമയം സ്വമേധയാ കടന്നു വന്ന് പൂജാരിമാരിൽ നിന്നും പ്രസാദം ഏറ്റുവാങ്ങി ഭക്തിയോടെ കഴിക്കുന്നതും കണ്ടു. വൈദ്യുതി ബൾബിന്റെ പ്രകാശം ഉണ്ടായിരുന്നെങ്കിലും ക്ഷേത്രപരിസരത്തെ ഇരുട്ടിനെ പൂർണ്ണമായി നീക്കാൻ ആ വെളിച്ചത്തിന് കഴിഞ്ഞിരുന്നില്ല. നേരിയ ഇരുട്ടിൽ അടുത്ത് ചെന്ന് ശ്രദ്ധിച്ചപ്പോഴാണ് അത് കറുത്ത വസ്ത്രം ധരിച്ച സാധാരണക്കാരായിരുന്നില്ല മറിച്ച് പർദ്ദ ധരിച്ച രണ്ട് മുസ്ലീം സ്ത്രീകളാണ് എന്ന് മനസ്സിലായത്. മതത്തിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങളുടെ നാട്ടിൽ നിന്നും എത്തിയത് കൊണ്ടാകാം എന്നെ സംബന്ധിച്ചിടത്തോളം ചിദംബരം നൽകിയ ആദ്യ അദ്ഭുതം അത് തന്നെയായിരുന്നു.
ആ അദ്ഭുതത്തിന്റെ അമ്പരപ്പ് മാറുന്നതിന് മുമ്പേ പിന്നെയും അദ്ഭുതങ്ങളുടെ വരവായിരുന്നു. നഗരത്തിന്റെ ഒത്ത നടുക്ക് 25 ഏക്കറിൽ പരന്നു കിടക്കുന്നതിനാൽ ഒരു ഭാഗത്തു നിന്നും മറ്റേ ഭാഗത്തേയ്ക്ക് കാൽനടയായി പോകുന്നവർ മുഴുവൻ ക്ഷേത്രം കോമ്പൗണ്ടിനുള്ളിലൂടെയാണ് കടന്നു പോയിരുന്നത്. അവരിൽ ഭൂരിപക്ഷവും പർദ്ദധരിച്ച മുസ്ലീം സ്ത്രീകളും മതചിഹ്നങ്ങളണിഞ്ഞ മുസ്ലീം പുരുഷൻമാരുമായിരുന്നു. ഇവരെല്ലാം തന്നെ കാലിലണിഞ്ഞിരുന്ന ചെരുപ്പ് കയ്യിലെടുത്ത് ക്ഷേത്രാചാരങ്ങളോട് അനുഭാവം പുലർത്തിയും പ്രധാന ശ്രീകോവിലിനടുത്തെത്തുമ്പോൾ ചെരുപ്പ് മാറ്റി വെച്ച് പുറത്തു നിന്നും തൊഴുതിട്ടുമാണ് കടന്നു പോയിരുന്നത്. ഏത് സമയത്തും ജാതി മതഭേദമന്യേ എല്ലാ പൊതു ജനങ്ങൾക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശനവും സാധ്യമാണ് എന്ന് പിന്നീട് മനസ്സിലായി.
ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിച്ച് വേലികെട്ടിത്തിരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടുകാർ മതസൗഹാർദ്ദത്തിന്റെയും യഥാർത്ഥ ഈശ്വര വിശ്വാസത്തിന്റെയും മകുടോദാഹരണമായ ഈ ക്ഷേത്രം ഒന്ന് കാണണം. ഈ മഹാക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളുടെ വലുപ്പം പോലുമില്ലാത്ത നമ്മുടെ ചില തട്ടിക്കൂട്ട് ക്ഷേത്രങ്ങളിലും, മഹാ ക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് അഭിമാന പുരസരം പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ട ഓർമയിൽ സ്വയം ലജ്ജിച്ചാണ് പ്രധാന ക്ഷേത്രത്തിലേയ്ക്ക് ഞാൻ കടന്നത്.
തുടരും ചിദംബരനാഥ ദർശനം...


0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home