Monday, February 5, 2018

തിരുപ്പതി തുടരുന്നു...

തിരുപ്പതി തുടരുന്നു... 

രാവിലെ 10.30 നാണ് എനിക്ക് ദർശനത്തിന് മുൻകൂർ ബുക്കിംഗ് പ്രകാരം അനുമതി ലഭിച്ചിരുന്നത്. 8 മണിയോടെ ബസ് സ്‌റ്റേഷനിലെത്തി. തിരുപ്പതിക്ക് 90 രൂപയാണ് രണ്ട് വശത്തേക്കുമുള്ള ടിക്കറ്റ് ചാർജ്ജ്. തിരുപ്പത്ി ടൗണിൽ നിന്നും നോക്കിയാൽ കാണുന്ന വലിയ മലമുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 45 മിനിട്ടെടുക്കും ബസ്സ് ചുരം മലമുകളിലേക്കെത്താൻ. യാത്ര ആരംഭിച്ച് 10 മിനിട്ടു കഴിഞ്ഞപ്പോൾ തിരുപ്പതിയുടെ പ്രവേശനകവാടത്തിലെത്തിയ ബസ്സ് യാത്രക്കാരെ മുഴുവൻ അവിടെ ഇറക്കി. സെക്യൂരിറ്റി ചെക്കപ്പാണ് സംഭവം. എല്ലാ യാത്രക്കാരെയും എക്‌സ്‌റേ സംവിധാനമുൾപ്പടെയുള്ള പരിശോധനാ സംവിധാനത്തിലൂടെ കയറ്റി പരിശോധിച്ച ശേഷമേ അകത്തേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളു. പരിശോധന കഴിഞ്ഞ് വീണ്ടും ബസ്സിനുള്ളിൽ കയറി യാത്ര പുനരാരംഭിച്ചു. 
ഉദ്ദേശം 9.45 മണിയോടെ ബസ്സ് തിരുപ്പതി മലമുകളിലെ സ്റ്റേഷനിലെത്തി. നിറയെ മരങ്ങളോടുകൂടിയ ഒരു വഴിയാണ് ക്ഷേത്രത്തിലേയ്ക്ക് പോകാൻ എൻക്വയറിയിൽ നിന്നും കാട്ടിത്തന്നത്. എന്നാൽ മുണ്ട് ഉടുത്തു മാത്രമേ ഇവിടെയും ക്ഷേത്രത്തിൽ പ്രവേശനമുള്ളുവെന്നും ആയതിനാൽ ഒരു വേഷ്ടി സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊട്ടടുത്ത കടയിൽ നിന്നും 100 രൂപ മുടക്കി ഒരു മുണ്ട് സംഘടിപ്പിച്ച് സബ് വേയിൽ വെച്ച് ഉടുത്താണ് പിന്നെ നടപ്പ് തുടർന്നത്. ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരമുണ്ട് ബസ് സ്റ്റാൻഡിൽ നിന്നും ക്ഷേത്രപ്രവേശന കവാടത്തിലേക്ക്. എന്നാൽ മരങ്ങളുടെ ഇടയിലൂടെയുള്ള നടപ്പ് ഒട്ടും തന്നെ ആയാസം നൽകുന്നതായിരുന്നില്ല. നീണ്ട നടപ്പിന് ശേഷം ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടത്തിലെത്തി. ബുക്ക് ചെയ്ത ടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖയും നിർബന്ധമാണ് ക്ഷേത്ര പ്രവേശനത്തിന്. 
ആദ്യ കവാടത്തിൽ വീണ്ടും പൊലീസ് ചെക്കിംഗ് ഉണ്ട്. ഇവിടെയും കർശനമായ ചെക്കിംഗാണ് നടത്തുന്നത്. പരിശോധനയ്ക്ക് ശേഷം കമ്പിവേലികളാൽ തിരിച്ചിരിക്കുന്ന നടപ്പന്തലിലൂടെ അടുത്ത പ്രവേശന കവാടത്തിലേയ്ക്ക് എത്തുമ്പോൾ നമ്മുടെ കയ്യിലുള്ള മുഴുവൻ സാധനങ്ങളും അവിടെയുള്ള കൗണ്ടറിൽ ഏൽപ്പിച്ചതിന് ശേഷമേ വീണ്ടും അകത്തേയ്ക്ക് കടക്കാൻ കഴിയുകയുള്ളു എന്ന നിർദ്ദേശം ലഭിച്ചു. കയ്യിലുള്ള മൊബൈൽ ഫോണുൾപ്പടെയുള്ള സാധനങ്ങൾ അവിടെ പ്രത്യേകം പ്രത്യേകമുള്ള കൗണ്ടറിൽ നൽകി റസീപ്റ്റ് വാങ്ങി അടുത്ത കവാടത്തിലേക്കെത്തി. അവിടെ കൗണ്ടറിൽ നമ്മുടെ കൈവശമിരിക്കുന്ന ടിക്കറ്റും തിരിച്ചറിയൽ രേഖയും ബുക്കിംഗ് ഡീറ്റയിൽസുമായി ഒത്തു നോക്കിയതിന് ശേഷം ദർശനത്തിനുള്ള ക്യൂ കോംപ്ലക്‌സിലേക്ക് പ്രവേശിക്കാം. 
ഭക്തർക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളുമടങ്ങുന്നതാണ് ഓരോ ക്യൂ കോംപ്ലക്‌സും. ശബരിമലയിലേതു പോലെ മണിക്കൂറുകളോളം നിന്ന് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഭക്തർക്ക് ഇരിക്കുന്നതിനുള്ള ചാരു ബഞ്ചുകൾ ഇവിടെ ഒരുക്കിയിരിക്കുന്നു. ഇത് കൂടാതെ ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം എന്നിവയും ഓരോ കോംപ്ലക്‌സിലും ഒരുക്കിയിട്ടുണ്ട്. ഒരു മണിക്കൂറോളം ഇങ്ങനെ പല ക്യൂ കോംപ്ലക്‌സുകളിലായി കാത്തിരുന്നതിന് ശേഷം ക്ഷേത്ര കവാടത്തിലേക്ക് ക്യൂ കടന്നു. പിന്നെയും ഒരു അര മണിക്കൂർസമയം കൂടെയെടുത്തു ക്ഷേത്രത്തിലേക്ക് പ്രവേശനം ലഭിക്കാൻ. ക്ഷേത്രമതിൽക്കെട്ട് കഴിഞ്ഞ് വീണ്ടും കുറച്ചു നേരം കൂടി ക്യൂവിൽ തുടർന്നാൽ മാത്രമേ ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളു. 
വളരെ പുരാതനമായ നിർമ്മിതിയാണ് ക്ഷേത്രത്തിന്റേത്. ശ്രീകോവിലിനുള്ളിൽ ക്യൂ വീണ്ടും രണ്ടായി വഴി പിരിയുന്നു. ഏതോ ഭാഗ്യത്തിന് ഭഗവാനെ ഏറ്റവും അടുത്ത് കാണുന്നതിനുള്ള ക്യൂവിലാണ് എനിക്ക് സ്ഥാനം ലഭിച്ചത്. 8 അടിയോളം ഉയരത്തിൽ, നിൽക്കുന്ന വിധത്തിലാണ് തിരുപ്പതി വെങ്കിടാചലപതിയുടെ വിഗ്രഹം നമുക്ക് ദർശനം നൽകുന്നത്. ഏതാണ്ട് ഒരു മിനിട്ടോളം ദർശനം നടത്തുന്നതിന് എനിക്ക് സാധിച്ചു. വളരെ പോസിറ്റീവായ എനർജി നമ്മിലേക്ക് കടന്നു വരുന്നത് അനുഭവിക്കാൻ കഴിയും ഇവിടെ. 
ലോകത്തിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണ് തിരുപ്പതി. ദിനംപ്രതി മുപ്പതിനായിരം മുതൽ അൻപതിനായിരം വരെ ഭക്തരാണ് ഇവിടെ ദർശനം നടത്തുന്നത്. (ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആകെ സ്വത്താണ് അവിടം ശ്രദ്ധേയമാക്കിയത്. എങ്കിലും ദിനംപ്രതി വരുമാനത്തിൽ ക്ഷേത്രം വളരെ പിന്നിലാണ്) ഏതാണ്ട് നാല് കോടി ഭക്തർ പ്രതിവർഷം ഇവിടെ ദർശനം നടത്തുന്നുണ്ട് എന്നാണ് കണക്ക്. ഭക്തർ നൽകുന്ന കാണിക്കയിൽ പലപ്പോഴും രത്‌ന കിരീടങ്ങളും സ്വർണ്ണാഭരണങ്ങളും പതിവാണ്. ഇത് കൂടാതെ സ്വർണ്ണരഥം, സ്വർണ്ണഗരുഢൻ തുടങ്ങിയ നിരവധി അമൂല്യ വസ്തുക്കളും കാണിക്കയായി എത്തുന്നു. ഇത് കൂടാതെയാണ് സാധാരണക്കാർ നിക്ഷേപിക്കുന്ന പണം കാണിക്കയായി ലഭിക്കുന്നത്. 2015-16 ലെ ദേവസ്വത്തിന്റെ ബഡ്ജറ്റ് 2531.10 കോടി രൂപയായിരുന്നു എന്നറിയുമ്പോൾ ഏകദേശം ഇവിടെ ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് നമുക്ക് ധാരണ ലഭിക്കും. 
തുടരും ...തിരുപ്പതി വെങ്കിടാചലപതി

പഞ്ചഭൂത ക്ഷേത്ര ദര്‍ശനം രണ്ടാം ഘട്ടം...

പഞ്ചഭൂത ക്ഷേത്ര ദര്‍ശനം രണ്ടാം ഘട്ടം...


ആദ്യ ഘട്ടത്തിൽ രണ്ട് പഞ്ചഭൂത ക്ഷേത്രങ്ങളാണ് ദർശിക്കാൻ സാധിച്ചത്. അതിനൊപ്പം നിരവധി മറ്റ് ക്ഷേത്രങ്ങളും സന്ദർശിക്കാൻ കഴിഞ്ഞത് പറഞ്ഞു കഴിഞ്ഞല്ലോ. അടുത്തതായി ദർശനത്തിന് പദ്ധതിയിട്ടത് ആന്ധ്രപ്രദേശിലുള്ള കാളഹസ്തീശ്വരമായിരുന്നു. പഞ്ചഭൂതക്ഷേത്രങ്ങളിൽ തമിഴ്‌നാടിന് പുറത്ത് സ്ഥിതി ചെയ്യുന്നത് ഈ ഒരു ക്ഷേത്രം മാത്രമാണ്. തിരുപ്പതിയിൽ നിന്നും 35 കിലോമീറ്റർ മാത്രം അകലെയാണ് കാളഹസ്തീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അത്‌കൊണ്ടു തന്നെ ഇക്കൂടെ തിരുപ്പതി വെങ്കിടാചലപതിയെകൂടി കാണാം എന്ന് തീരുമാനിക്കുകയായിരുന്നു. 
പതിവിൽ നിന്നും വ്യത്യസ്തമായി ട്രെയിനാണ് യാത്രയ്ക്കായി തെരഞ്ഞെടുത്തത്. എറണാകുളത്തുനിന്നും ഉച്ചയ്ക്ക് പുറപ്പെടുന്ന ജയന്തിജനത എക്‌സ്പ്രസ്സാണ് യാത്രയ്ക്കായി ബുക്ക് ചെയ്തിരുന്നത്. കാലത്ത് 6.30 ന് കട്ടപ്പനയിൽ നിന്നും ബസ്സ് മാർഗ്ഗം എറണാകുളത്തെത്തി, ഉച്ചയ്ക്ക് 1.45 ന് ട്രെയിനിൽ കയറിപ്പറ്റി. സൈഡ് ബർത്തിൽ സുഖമായി ഇരിപ്പും ഉറപ്പിച്ചു. പിറ്റേന്ന് അതിരാവിലെ 3.10 നാണ് ട്രെയിൻ തിരുപ്പതി സ്‌റ്റോപ്പിൽ എത്തുക. ചില മലയാളി യാത്രക്കാരുള്ളവരോട് കുശലം പറഞ്ഞ് കാഴ്ചകളിലേക്ക് ശ്രദ്ധതിരിച്ച് ഞാനിരുന്നു. രാത്രിയിൽ ട്രെയിനിൽ നിന്നും കിട്ടുന്ന ഒരു വെജിറ്റേറിയൻ താലിമീൽസ് ആഹരിച്ച് അലാറം രാവിലെ 2.30 ന് സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു. 
ചെറിയ മയക്കത്തിന് ശേഷം കൃത്യസമയത്തു തന്നെ ഉണർന്ന് ബാഗ് റെഡിയാക്കി കാത്തിരുന്നു. എറണാകുളത്ത് ഒരു മണിക്കൂറോളം ലേറ്റായാണ് ട്രെയിൻ എത്തിയിരുന്നതെങ്കിലും ഇപ്പോൾ കൃത്യസമയം പാലിച്ചാണ് യാത്ര തുടരുന്നത്. കൃത്യം 3.10 ന് മൊബൈലിൽ സെറ്റ് ചെയതിരുന്ന രണ്ടാമത്തെ അലാറം അടിച്ചപ്പോൾ തിരുപ്പതി സ്റ്റേഷനിൽ വണ്ടി സ്‌ളോ ചെയ്യുകയായിരുന്നു. തിരുപ്പതി ക്ഷേത്രത്തിന്റെ വരുമാനം കൊണ്ടാണ് തിരുപ്പതി എന്ന സ്ഥലം ഇന്ന് കാണുന്ന ഈ വളർച്ചയെല്ലാം നേടിയിരിക്കുന്നത് എന്നാണ് കേട്ടിട്ടുള്ളത്. കുടിവെള്ളം, പാർപ്പിടം, റോഡ് വികസനം എല്ലാം ക്ഷേത്ര വരുമാനത്തെ ആശ്രയിച്ചാണ് നടക്കുന്നത്. 
മാർബിൾ വിരിച്ച് ഭംഗിയാക്കിയിരിക്കുന്ന റെയിൽവേ സ്റ്റേഷനിൽ ഭക്തർ പ്ലാറ്റ്‌ഫോമുകളിൽ വരെ കിടന്നുറങ്ങുന്നത് കാണാമായിരുന്നു. ഇവർക്കിടയിലൂടെ സ്‌റ്റേഷന് പുറത്തിറങ്ങിയപ്പോഴാണ് ആദ്യത്തെ അമ്പരപ്പ് ഉണ്ടായത്. തമിഴ് നാട്ടിലെ യാത്രകളിൽ ഭാഷ എനിക്കൊരു പ്രശ്‌നമായി തോന്നിയിരുന്നില്ല. തമിഴ് അത്യാവശ്യം ഭംഗിയായി പറയാനും തപ്പിയെടുത്ത് വായിക്കാനും അറിയാമായിരുന്നതാണ് അതിന് കാരണം. എന്നാൽ ആന്ധ്രയിൽ ചുരുട്ടിക്കെട്ടിയ വള്ളികളായി മാത്രമേ അക്ഷരം എനിക്ക് മനസ്സിലായുള്ളു. ഇംഗ്ലീഷ് പല ബോർഡുകളിലും കാണാനേ ഇല്ല. വിശ്രമത്തിന് തിരുപ്പതി ദേവസ്വത്തിന്റെ റെസ്റ്റ്ഹൗസാണ് ബുക്ക് ചെയ്തിരുന്നത്. അത് എവിടെയാണ് എന്ന് ആരോട് ചോദിക്കും എന്നതായിരുന്നു വലിയ പ്രതിസന്ധി. കാലത്ത് കടകളൊക്കെ തുറന്ന് വരുന്നതേയുള്ളു താനും. ഒടുക്കം അടുത്ത് കണ്ട ഒരു ടീ സ്റ്റാളിൽ കയറി ചായക്ക് ഓർഡർ ചെയ്ത് കാത്തിരുന്നു. ചായ എത്തിയപ്പോൾ റെസ്റ്റ്ഹൗസിനെപ്പറ്റി തമിഴിൽ അവരോട് ചോദിച്ചു. ചോദ്യം അവർക്ക് മനസ്സിലായെങ്കിലും അവർ മറുപടിയായി പറഞ്ഞ കൊടും തെലുങ്ക് എത്ര ശ്രമിച്ചിട്ടും തലയിൽ കയറിയതേയില്ല. 
ഒടുവിൽ പുറത്തിറങ്ങി ചുറ്റുപാടും നോക്കിയപ്പോൾ ഒരു ഭാഗത്തായി റെസ്റ്റ്ഹൗസുകളുടെ ബോർഡ് വെച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഭാഗ്യത്തിന് ആ ബോർഡുകളിൽ ഇംഗ്ലീഷും ഉണ്ടായിരുന്നു. രണ്ട് മിനിട്ടത്തെ നടപ്പിന് ശേഷം ബുക്ക് ചെയ്തിരുന്ന റെസ്റ്റ് ഹൗസിൽ എത്തി. മുറിയിലെത്തി കുറച്ചൊന്ന് വിശ്രമിക്കാനായി കിടന്നു. തിരുപ്പതി സന്ദർശനം പ്ലാൻ ചെയ്തപ്പോൾ തന്നെ ഓൺലൈൻ വഴി ദർശനവും ബുക്ക് ചെയ്തിരുന്നു. കാലത്ത് 10.30 നാണ് ദർശനത്തിന് സസയം അനുവദിച്ചിരിക്കുന്നത്. ബസ്സിൽ തിരുപ്പതി മലമുകളിലേക്ക് എത്താൻ എതാണ്ട് 45 മിനിട്ടോളം എടുക്കുമെന്ന് അന്വേഷണത്തിൽ ഒരുവിധം മനസ്സിലാക്കിയിരുന്നു. കാലത്ത് 8 മണിക്കെങ്കിലും തയാറായാലെ സമയത്ത് ദർശന ക്യൂവിൽ എത്താൻ കഴിയു എന്നതിനാൽ കുറച്ചു നേരം മാത്രം ഒന്ന് മയങ്ങാൻ തീരുമാനിച്ച് കിടക്കയിൽ കിടന്നു.
തുടരും....തിരുപ്പതി വെങ്കിടാചലപതി

ചിദംബരം തുടരുന്നു... 3

ചിദംബരം തുടരുന്നു... 3


രാത്രിയിലെ ദർശനം വളരെ എളുപ്പത്തിൽ തന്നെ നടന്നു. ഗൗരിശങ്കർ എന്ന യുവാവിന്റെ സഹായം പിന്നിട് എല്ലാ സമയത്തും എനിക്ക് ലഭിച്ചിരുന്നു. പിറ്റേന്ന് കാലത്ത് തന്നെ ക്ഷേത്രത്തിൽ ഒരിക്കൽ കൂടി ദർശനത്തിന് എത്തി. 
വെള്ളിയാഴ്ച ദിവസമായിരുന്നതിനാൽ പ്രത്യേക പൂജകൾ നടക്കുന്ന ദിവസമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സ്ഫടിക ലിംഗം പുറത്തെടുത്ത് നടത്തുന്ന നീണ്ട പൂജ. ശ്രീകോവിലിനുള്ളിൽ പ്രത്യേക പെട്ടകത്തിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന സ്ഫടിക ലിംഗം പ്രധാന പൂജാരിയാണ് പുറത്തേയ്ക്ക് എടുക്കുന്നത്. തുടർന്ന് ശ്രീകോവിലിന് പുറത്ത് പ്രത്യേകം ക്രമീകരിച്ച സ്ഥലത്ത് വെച്ച് പൂജകളും വിവിധങ്ങളായ അഭിഷേകവും നടത്തുന്നു. ഏകദേശം ഒരു മണിക്കൂറോളം നീളുന്ന പൂജാക്രമം നമുക്ക് വളരെ അടുത്ത് നിന്ന് തന്നെ കാണാനും കഴിയും. ഗൗരീശങ്കറിന്റെ സഹായത്തോടെ ദർശനം നടത്തിയതിന് ശേഷമാണ് സ്ഫടിക ലിംഗ പൂജയെക്കുറിച്ചും ചിദംബര രഹസ്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞത്.
സ്ഫടിക ലിംഗ പൂജയ്ക്ക് ശേഷം ലിംഗം വീണ്ടും പെട്ടകത്തിലാക്കി ശ്രീകോവിലിനുള്ളിലേയക്ക് എടുത്ത് സൂക്ഷിക്കുന്നു. ഇതിനു ശേഷം നടക്കുന്ന ആരതി പൂജയ്ക്ക് ശേഷമാണ് ചിദംബരരഹസ്യ ദർശനം സാദ്ധ്യമാകുന്നത്. 
നേരത്തെ പറഞ്ഞത് പോലെ ക്ഷേത്രത്തിന്റെ പ്രത്യേക വാതിലുകൾ അടച്ചതിന് ശേഷം ദീപാലംകൃതമായ ഭഗവാനെയാണ് ദർശനത്തിനായി തുറന്ന് തരുന്നത്.
ചിദംബരം പഞ്ചഭൂതങ്ങളിൽ ആകാശത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആകാശം എന്നാൽ നിതാന്ത ശൂന്യമായ അവസ്ഥ എന്ന അർത്ഥത്തിൽ വേണം എടുക്കാൻ. ആദിയോ അന്തമോ ഇല്ലാതെ പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ആ പഞ്ചഭൂതത്തെയാണ് ചിദംബരനാഥൻ പ്രതിനിധീകരിക്കുന്നത്. ആ ശൂന്യതയെ പ്രതീകാത്മകമായി ദർശനത്തിന് ലഭിക്കുന്നതാണ് ചിദംബരം രഹസ്യം. ചിദംബര രഹസ്യം ഏത് സമയത്തും നമുക്ക് ദർശനസാധ്യമല്ല. പ്രത്യേക പൂജകൾക്ക് ശേഷം 1 മിനിട്ടാണ് ഈ ദർശനം ലഭിക്കുക. 
നടരാജവിഗ്രഹത്തിന്റെ വലത്ത് വശത്തായി (നമ്മുടെ ഇടത്ത്) സദാ മൂടിയിട്ടിരിക്കുന്ന ഒരു കർട്ടന് പിറകിലാണ് ഈ രഹസ്യം. പൂജാ സമയത്ത് ശിവപാർവ്വതിമാർ സർവ്വ ദേവൻമാരോടൊപ്പം ഇവിടെ എത്തുന്നു എന്നാണ് സങ്കൽപ്പം. ശ്രീകോവിലിന് നേരെ നിന്നാൽ ഈ ദർശനം നമുക്ക് സാധ്യമാവില്ല. ആദ്യ ദർശനത്തിന് ശേഷം കുറച്ച് വലതുവശത്തേയ്ക്ക് മാറി നിന്നാൽ മാത്രമാണ് കർട്ടൻ നീക്കുമ്പോൾ ചിദംബര രഹസ്യ ദർശനം നമുക്ക് സാധ്യമാകു. ഗൗരിശങ്കർ എന്നോട് അക്കാര്യം പറഞ്ഞു തന്നിരുന്നതിനാൽ വളരെ സുഗമമായി ജീവിതത്തിലെ ഏറ്റവും വലിയ ആ ആഗ്രഹം എനിക്ക് സാധിക്കാൻ കഴിഞ്ഞു. 
തുടർന്ന് പിന്നെയും രണ്ട് മണിക്കൂറോളം ക്ഷേത്രത്തിൽ ഞാൻ ചിലവഴിച്ചു. ഇടയ്ക്ക് പ്രസാദമായി ലഭിച്ച തൈര്‌സാദത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. അത്യപൂർവ്വമായ ശിൽപചാതുരിയും എൻജിനീയറിംഗ് വൈദഗ്ദ്ധ്യവുമാണ് ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നാല് പ്രധാന ഗോപുരങ്ങളാണ് നടരാജ ക്ഷേത്രത്തിനുള്ളത്. ഇവയോരോന്നും വിധിപ്രകാരമുള്ള ദിക്കുകളെ അഭിമുഖീകരിക്കുന്നു. നടനകലയുടെ ഇരിപ്പിടം കൂടിയായ ഇവിടുത്തെ ഓരോ കൽത്തൂണുകളും ഭരതനാട്യത്തിൻറെ വ്യത്യസ്ത ഭാവങ്ങൾ മിഴിവോടെ കൊത്തി വെച്ചിരിക്കുന്നു. ക്ഷേത്രസമുച്ചയത്തിനകത്തെ തീർത്ഥക്കുളമായ ശിവഗംഗയാണ് മറ്റൊരു പ്രധാന ആകർഷണം. ആയിരം കാൽ മണ്ഡപം, മനോഹരമായി അലങ്കരിച്ച ശ്രീകോവിൽ, കനകസഭ, കൊടിമരത്തിനടുത്തായുള്ള നൃത്തസഭ, രാജസഭ, ദേവസഭ എന്നിങ്ങനെ വിവിധ ഭാഗങ്ങളുണ്ട് ക്ഷേത്രത്തിനുള്ളിൽ. ലോകത്തിന് നടുക്കായിട്ടാണ് ചിദംബരം ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൂന്ന് ലോകങ്ങളുടെയും മധ്യത്തിൽ തില്ലൈ മരങ്ങളുടെ നടുക്കായി സാക്ഷാൽ ശിവൻ ആനന്ദനടമാടുന്നുവെന്നാണ് വിശ്വാസം.
ചരിത്രം
-----------------------
9 മുതൽ 16 വരെയുള്ള നൂറ്റാണ്ടുകളിലാണ് ക്ഷേത്രം പണിത് ഈ രൂപത്തിൽ എത്തിച്ചിരിക്കുന്നത്. മാത്രമല്ല ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, പഞ്ചഭൂതക്ഷേത്രങ്ങളായ കാളഹസ്തിയും, കാഞ്ചീപുരവും പിന്നെ ചിദംബരവും ഒരേ നേർരേഖയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. ഇന്ന് കാണുന്ന ഒരു തരത്തിലുള്ള ആധുനിക സംവിധാനങ്ങളും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ അത്ര കൃത്യമായി ഇവയെ എങ്ങനെ നേർരേഖയിൽ പണിയാൻ കഴിഞ്ഞു എന്നത് ആധുനിക ശാസ്ത്രത്തിന് ഇന്നും അജ്ഞാതമാണ്. കൂടാതെ ക്ഷേത്രത്തിന്റെ നിർമ്മാണത്തിലെ ഓരോ ചെറിയ കല്ലുപോലും വെച്ചിരിക്കുന്നത് ആദ്ധ്യാദ്മികതയുടെ പ്രതീകമായാണ്. വിസ്താരഭയത്താൽ അത് അവിടെ പറയുന്നില്ല. 
ദർശനം
---------------
രാവിലെ 7 മുതൽ വൈകിട്ട് 4.30 വരെയും വൈകിട്ട് 6 മുതൽ രാത്രി 10 വരെയും ക്ഷേത്രത്തിൽ ദർശനം നടത്താവുന്നതാണ്.
കണ്ടാലും കണ്ടാലും മതി വരാത്ത കാഴ്ചകളും, പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമാണ് ചിദംബരത്തിന് ഉള്ളത്. ഇനിയും തിരിച്ചു ചെല്ലണം എന്ന വലിയ ആഗ്രഹത്തോടെ ഗൗരീശങ്കറിനോട് യാത്ര പറഞ്ഞ് ഉച്ചയോടെ ചിദംബരത്തു നിന്നും ഞാൻ മടക്കയാത്ര ആരംഭിച്ചു. 
തുടരും....പഞ്ചഭൂതക്ഷേത്ര ദർശനം

ചിദംബരം (തുടരുന്നു) 2

ചിദംബരം (തുടരുന്നു) 2


വലിയ ചുറ്റുമതിലിനുള്ളിൽ ബൃഹത്തായ നിർമ്മിതികളോട് കൂടിയതാണ് ചിദംബരം ക്ഷേത്രം. പ്രധാന വാതിൽ കടന്നു ചെല്ലുമ്പോൾ ഗണപതിയുടെ പ്രതിഷ്ഠയുള്ള ഒരു ശ്രീകോവിലാണ് കാണുന്നത്. ഇത് നാം കണ്ടിട്ടുള്ള ക്ഷേത്രങ്ങളിലേതു പോലെ ചുറ്റമ്പലത്തിന് പുറത്താണ് ഉള്ളത്. ഇവിടെ നിന്നും വീണ്ടുമൊരു മതിൽ കടന്നാലാണ് ശ്രീകോവിലിരിക്കുന്നിടത്തേയ്ക്ക് നാം പ്രവേശിക്കുക. നിറയെ കൊത്തുപണികളോട് കൂടിയ കൽതൂണുകളാണ് ക്ഷേത്രത്തിലെവിടെയും. ഞാൻ കടന്നു ചെല്ലുമ്പോൾ രാത്രി പൂജയ്ക്ക് ക്ഷേത്രം അടച്ചിരിക്കുകയാണ്. 
നടരാജക്ഷേത്രം ഒരു പ്രത്യേക ഭാഗമായാണ് നിലകൊള്ളുന്നത്. നാലടിയോളം കെട്ടിയുയർത്തിയ തറയിലാണ് ക്ഷേത്രം. ഇത് തന്നെ രണ്ട് ഭാഗങ്ങളായാണ് പണിതിരിക്കുന്നത്. വിശാലമായ ഒരു മുഖത്തളമാണ് ആദ്യം അതിന് പുറകിൽ ശ്രീകോവിലും. പ്രത്യേക രീതിയിലുള്ള വാതിലുകൾ കൊണ്ട് ഈ മുഖത്തളം അടച്ചിട്ടാണ് പൂജകൾ നടത്തുക. പൂജയ്ക്ക് ശേഷം ആദ്യം തുറക്കുന്നത് ഈ വാതിലുകളാണ്. പിന്നീടാണ് ശ്രീകോവിൽ നട തുറക്കുക. താന്ത്രിക പ്രാധാന്യമല്ല കേരളത്തിന് പുറത്തുള്ള മിക്ക ക്ഷേത്രങ്ങളും. ദീപാരാധനയുടെ വ്യത്യസ്തതയാണ് ഇവിടെയൊക്കെ പതിവ്. പ്രധാന ക്ഷേത്രത്തിന് പുറകിൽ ആ ഉയരത്തിൽ തന്നെയുള്ള വിശാലമായ ഒരു തളമുണ്ട്. അവിടെയാണ് ഞാൻ സ്ഥാനം പിടിച്ചത്. പൂജകൾ നടക്കുമ്പോൾ ക്ഷേത്രത്തിലെ എല്ലാ മണികളും ഒന്നിച്ച് മുഴക്കുക എന്നത് ഇവിടെ മാത്രം കണ്ട പ്രത്യേകതയാണ്. ഇത് കൂടാതെ സ്ഥിരമായി വരുന്ന ഭക്തർ കൈവശം കൊണ്ടുവരുന്ന മണികൾ മുഴക്കുകയും, ഗിഞ്ചറ പോലുള്ള വാദ്യോപകരണങ്ങൾ നിർത്താതെ വായിക്കുന്നുണ്ടായിരുന്നു. അതോടൊപ്പം നൂറ് കണക്കിന് കണ്ഠങ്ങളിൽ നിന്നും നമശിവായ മന്ത്രം അഘണ്ഡമായി ജപിക്കുന്നതിന്റെ ശബ്ദവും ചേർന്നപ്പോൾ ഇപ്പോൾ നിൽക്കുന്നത് ഭൂമിയിൽ തന്നെയാണോ എന്ന സംശയത്തിലായിപ്പോയി ഞാൻ. 
തളത്തിന്റെ വാതിൽ ആദ്യവും പിന്നീട് ശ്രീകോവിലും തുറക്കപ്പെട്ടു. നൂറ് കണക്കിന് ദീപങ്ങളാൽ അലംകൃതനായി നടരാജനും തൊട്ടു ഇടതു ഭാഗത്ത് (നമ്മുടെ വലത്ത്) രത്‌നഘചിതമായ കിരീടവും, വെട്ടിത്തിളങ്ങുന്ന ആടയാഭരണങ്ങളുമായി പാർവ്വതീ ദേവിയെയും കാണാറായി. വാക്കുകളാലോ അക്ഷരത്തിലോ വർണ്ണിക്കാവുന്ന ഒരു കാഴ്ചയല്ല അത് എന്ന് മാത്രം പറയട്ടെ. അക്ഷരാർത്ഥത്തിൽ ദിവ്യമായ ഒരു അനുഭൂതി നമ്മിലേക്ക് പടരുന്ന ഒരു കാഴ്ച തന്നെയാണ് ഞാനവിടെ കണ്ടത്. ദർശനത്തിന്റെ തിരക്ക് കഴിഞ്ഞ് ഞാൻ നിന്നിടത്തു നിന്നും ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. തൊട്ട് ഇടതു ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച വീണ്ടും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. 
ഞാൻ നിന്നിരുന്നതിന്റെ ഇടത് ഭാഗത്ത് ഒരു വലിയ ശ്രീകോവിൽ കൂടെ കാണാൻ കഴിഞ്ഞു. പുറത്ത് നിന്ന് തന്നെ അതിലെ പ്രതിഷ്ഠയും നമുക്ക് കാണാം. വൈകുണ്ഡനാഥനായ സാക്ഷാൽ മഹാവിഷ്ണുവിനെയാണ് അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതും അനന്തശയന ഭാവത്തിൽ. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേതിന് സമാനമായി ഒരു പക്ഷേ അതിലും വലുപ്പത്തിലുള്ള അനന്തശയന രൂപമാണ് പ്രതിഷ്ഠ. തമിഴ് നാട്ടിലെ മിക്ക വലിയ ക്ഷേത്രങ്ങളിലും സന്ദർശനം നടത്തിയിട്ടും ശൈവ വൈഷ്ണവ മൂർത്തികളെ തുല്യ പ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഞാനാദ്യമായിട്ടായിരുന്നു. ഇതിൽ ഏറ്റവും നമ്മെ അദ്ഭുതപ്പെടുത്തുന്നത്. ഒരു പ്രത്യേക സ്ഥലത്ത് നിന്നാൽ നടരാജനെയും വൈകുണ്ഠനാഥനെയും ഒരേ സമയം നമുക്ക് കാണാം എന്നതാണ്. 
ഈ ശ്രീകോവിലിനുള്ളിൽ കടന്നപ്പോൾ പൂർണ്ണമായും ഒരു വിഷ്ണു ക്ഷേത്രത്തിൽ കടന്ന പ്രതീതിയാണ് ഉണ്ടായത്. അനന്തശയന പ്രതിഷ്ഠയ്ക്ക് മുന്നിലായി ദേവിമാരാൽ പരിചരിക്കപ്പെടുന്ന വിഷ്ണുവിന്റെ മറ്റൊരു പ്രതിഷ്ഠയുമുണ്ട്. ശ്രീകോവിലിന് ചുറ്റും വിഷ്ണുവിന്റെ അവതാര പ്രതിമകളെയും ദർശിക്കാം. ഇവിടെ നിരവധി വാധ്യാർമാർ( വേദം പഠിച്ചവർ) നിരന്നിരുന്ന ഉച്ചത്തിൽ പ്രത്യേക താളക്രമത്തിൽ വേദം ചൊല്ലുന്നുണ്ടായിരുന്നു. പ്രസാദവും വാങ്ങി പുറത്തിറങ്ങിയ ഞാൻ ഇനി നടരാജദജർശനം ഒന്നുകൂടി സുഗമമായി നടത്തുന്നതിനായി അങ്ങോട്ടേയ്ക്ക് ഇറങ്ങി. ആ സമയം യുവാവായ ഒരു ബ്രാഹ്മണൻ ഏന്നെ നോക്കി ചിരിച്ച് കൊണ്ട് അടുത്തേയ്ക്ക് വന്നു. തമ്മിൽ പരിചയപ്പെട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം എന്റെ വളരെ അടുത്ത ഒരു സുഹൃത്തിന്റെ സുഹൃത്താണ് എന്ന് അദ്ഭുതത്തോടെ മനസ്സിലാക്കി. ചിദംബര ക്ഷേത്രം ഒരു പ്രത്യേക ട്രസ്റ്റ് ആണ് ഭരിക്കുന്നത്. ഇവിടെ പൂജാവകാശമുള്ള ശങ്കരദീക്ഷിതരുടെ മകനായിരുന്നു എന്നെ പരിചയപ്പെടാൻ എത്തിയത്. പിന്നീട് കാര്യങ്ങൾ വളരെ എളുപ്പമായി എന്ന് പറയേണ്ടതില്ലല്ലോ. 
(ഗോവിന്ദരാജപെരുമാളിന്റെ യഥാര്‍ത്ഥ ഫോട്ടോയാണ് കൂടെയുള്ളത്.)
തുടരും....നടരാജ ദർശനാനുഭവങ്ങൾ...

Saturday, November 12, 2016

ചിദംബരം 1

ചിദംബരം 1


വൈത്തീശ്വരൻ കോവിൽ നിന്നും ഇനി എനിക്ക് പോവേണ്ടത് ചിദംബരത്തേയ്ക്കാണ്. പഞ്ചഭൂതക്ഷേത്രങ്ങളിൽ ഒരു പക്ഷെ എന്നെ ഏറ്റവും സ്വാധീനിച്ച രണ്ട് ക്ഷേത്രങ്ങളിലൊന്നാണ് ചിദംബരം. മറ്റൊന്ന് കാളഹസ്തീശ്വരമാണ്. 25 കിലോമീറ്ററാണ് റോഡ്മാർഗ്ഗം വൈത്തീശ്വരൻ കോവിലിൽ നിന്നും ചിദംബരത്തേയ്ക്കുള്ളത്. കുറച്ച് നേരത്തെ കാത്ത് നിൽപ്പിനുശേഷം ചിദംബരത്തേയ്ക്കുള്ള ലിമിറ്റഡ്‌സ്റ്റോപ്പ് ബസ് ലഭിച്ചു. 45 മിനിട്ട് സമയമെടുത്തു ബസ്സ് ചിദംബരത്ത് എത്തിച്ചേരാൻ. ജലദൗർലഭ്യം ഏറെയുള്ള മേഖലകളിലൂടെയാണ് ബസ്സ് കടന്നുപോയത്. എന്നാൽ ഏതാണ്ട് മിക്ക മേഖലകളിലും കാർഷിക ആവശ്യത്തിന് ജലമെത്തിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. ഏകദേശം വൈകിട്ട് 6.30 ഓടെ ബസ്സ് ചിദംബരം നഗരത്തിലേയ്ക്ക് പ്രവേശിച്ചു.
ബസ് സ്റ്റാൻഡിലേയ്ക്ക് തിരിയുമ്പോൾ തന്നെ ചിദംബരനാഥന്റെ ക്ഷേത്രത്തിന്റെ സ്വാഗത കവാടം നമുക്ക് കാണാം. കോവിലിനോട് ചേർന്നുള്ള ബസ് സ്‌റ്റോപ്പിൽ തന്നെ ഇറങ്ങി. സ്വാഗത കവാടത്തിനുള്ളിൽ തന്നെയുള്ള ലോഡ്ജിൽ എ.സി മുറിയ്ക്ക് 600 രൂപയാണ് ഈടാക്കിയത്. കുറച്ചു നേരത്തെ വിശ്രമത്തിനും കുളിക്കും ശേഷം ക്ഷേത്രത്തിലേയ്ക്ക് പോകാം എന്ന തീരുമാനത്തിലെത്തി. രാത്രി 9.30 വരെ ക്ഷേത്ര നട തുറന്നിരിക്കുമെന്ന് അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതിലാണ് ദർശനം ഇന്ന് തന്നെയാകാം എന്ന് തീരുമാനിച്ചത്.
നേരം നന്നായി ഇരുട്ടിയിരുന്നെങ്കിലും വഴിവിളക്കുകളുടെ പ്രകാശത്തിൽ ക്ഷേത്രത്തിലേയ്ക്ക് നടക്കാൻ ബുദ്ധിമൊട്ടൊന്നും നേരിട്ടില്ല. ആദ്യ ഗോപുരം കടക്കുമ്പോൾതന്നെ കവാടത്തിൽ ഗണപതിയുടെ ഒരു പ്രതിഷ്ഠ കാണാൻ കഴിഞ്ഞു. വിഘ്‌നേശ്വരനെ തൊഴുത് അകത്തേയ്ക്ക് നടന്നു. ചിദംബരം പട്ടണത്തിന്റെ നടുക്ക് 25 ഏക്കറിലാണ് ചിദംബരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ രണ്ടാമത്തെ ഗോപുരം കടന്നപ്പോൾ വിശാലമായ അകത്തളത്തിലേയ്ക്ക് പ്രവേശിച്ചു.നേരെ മുന്നിലും വലതു ഭാഗത്തും രണ്ട് ശ്രീകോവിലുകൾ കാണാൻ കഴിഞ്ഞു. എന്നാൽ പ്രധാന ശ്രീകോവിൽ എവിടെയാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ കഴിയാതെ വന്ന ഞാൻ തൊട്ടടുത്ത് വലതു ഭാഗത്തേയ്ക്ക് കണ്ട വഴിയിലൂടെ നടപ്പ് തുടർന്നു. എന്നാൽ അൽപം പോയപ്പോൾ തന്നെ ഇത് ക്ഷേത്രത്തിൽ നിന്നും പുറത്തേയ്ക്കുള്ള മറ്റൊരു വഴിയാണെന്ന് മനസ്സിലായി.
തിരികെ നടക്കാൻ തുടങ്ങിയ ഞാൻ തൊട്ട് ഇടതുവശത്തായി മറ്റൊരു ക്ഷേത്രം കണ്ടു. അവിടെയും ഗണപതിയെത്തന്നെയാണ് പ്രതിഷ്ഠിച്ചിരുന്നത്. തൊഴുതു കഴിഞ്ഞപ്പോൾ രണ്ട് പൂജാരിമാർ ഒരു പാത്രത്തിൽ നിന്നും പ്രസാദം വിതരണം ചെയ്യുന്നതും ആളുകൾ അത് മേടിച്ച് കഴിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ക്ഷേത്രത്തിൽ തൊഴാൻ എത്തുന്നവർക്ക് മാത്രമല്ല പ്രധാന ക്ഷേത്രത്തിനുള്ളിലേക്ക് പോകുന്നവർക്കും അവർ അടുത്ത് വിളിച്ച് പ്രസാദം വിതരണം ചെയ്യുന്നുണ്ടായിരുന്നു. കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ ആ സമയം സ്വമേധയാ കടന്നു വന്ന് പൂജാരിമാരിൽ നിന്നും പ്രസാദം ഏറ്റുവാങ്ങി ഭക്തിയോടെ കഴിക്കുന്നതും കണ്ടു. വൈദ്യുതി ബൾബിന്റെ പ്രകാശം ഉണ്ടായിരുന്നെങ്കിലും ക്ഷേത്രപരിസരത്തെ ഇരുട്ടിനെ പൂർണ്ണമായി നീക്കാൻ ആ വെളിച്ചത്തിന് കഴിഞ്ഞിരുന്നില്ല. നേരിയ ഇരുട്ടിൽ അടുത്ത് ചെന്ന് ശ്രദ്ധിച്ചപ്പോഴാണ് അത് കറുത്ത വസ്ത്രം ധരിച്ച സാധാരണക്കാരായിരുന്നില്ല മറിച്ച് പർദ്ദ ധരിച്ച രണ്ട് മുസ്ലീം സ്ത്രീകളാണ് എന്ന് മനസ്സിലായത്. മതത്തിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങളുടെ നാട്ടിൽ നിന്നും എത്തിയത് കൊണ്ടാകാം എന്നെ സംബന്ധിച്ചിടത്തോളം ചിദംബരം നൽകിയ ആദ്യ അദ്ഭുതം അത് തന്നെയായിരുന്നു.
ആ അദ്ഭുതത്തിന്റെ അമ്പരപ്പ് മാറുന്നതിന് മുമ്പേ പിന്നെയും അദ്ഭുതങ്ങളുടെ വരവായിരുന്നു. നഗരത്തിന്റെ ഒത്ത നടുക്ക് 25 ഏക്കറിൽ പരന്നു കിടക്കുന്നതിനാൽ ഒരു ഭാഗത്തു നിന്നും മറ്റേ ഭാഗത്തേയ്ക്ക് കാൽനടയായി പോകുന്നവർ മുഴുവൻ ക്ഷേത്രം കോമ്പൗണ്ടിനുള്ളിലൂടെയാണ് കടന്നു പോയിരുന്നത്. അവരിൽ ഭൂരിപക്ഷവും പർദ്ദധരിച്ച മുസ്ലീം സ്ത്രീകളും മതചിഹ്നങ്ങളണിഞ്ഞ മുസ്ലീം പുരുഷൻമാരുമായിരുന്നു. ഇവരെല്ലാം തന്നെ കാലിലണിഞ്ഞിരുന്ന ചെരുപ്പ് കയ്യിലെടുത്ത് ക്ഷേത്രാചാരങ്ങളോട് അനുഭാവം പുലർത്തിയും പ്രധാന ശ്രീകോവിലിനടുത്തെത്തുമ്പോൾ ചെരുപ്പ് മാറ്റി വെച്ച് പുറത്തു നിന്നും തൊഴുതിട്ടുമാണ് കടന്നു പോയിരുന്നത്. ഏത് സമയത്തും ജാതി മതഭേദമന്യേ എല്ലാ പൊതു ജനങ്ങൾക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശനവും സാധ്യമാണ് എന്ന് പിന്നീട് മനസ്സിലായി.
ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിച്ച് വേലികെട്ടിത്തിരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടുകാർ മതസൗഹാർദ്ദത്തിന്റെയും യഥാർത്ഥ ഈശ്വര വിശ്വാസത്തിന്റെയും മകുടോദാഹരണമായ ഈ ക്ഷേത്രം ഒന്ന് കാണണം. ഈ മഹാക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളുടെ വലുപ്പം പോലുമില്ലാത്ത നമ്മുടെ ചില തട്ടിക്കൂട്ട് ക്ഷേത്രങ്ങളിലും, മഹാ ക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് അഭിമാന പുരസരം പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ട ഓർമയിൽ സ്വയം ലജ്ജിച്ചാണ് പ്രധാന ക്ഷേത്രത്തിലേയ്ക്ക് ഞാൻ കടന്നത്.
തുടരും ചിദംബരനാഥ ദർശനം...

Wednesday, November 9, 2016

വൈത്തീശ്വരൻ കോവിൽ

കുംഭകോണം

വൈത്തീശ്വരൻ കോവിൽ

കുംഭകോണത്തു നിന്നും വൈത്തീശ്വരൻ കോവിലിലേക്ക് ഒറ്റ ബസ് നോക്കുന്നതിലും നല്ലത് മൈലാടുതുറയിലെത്തി പിന്നീട് ചിദംബരം ബസ്സിലോ, ശീർകാഴി ബസ്സിലോ കയറി വൈത്തീശ്വരം കോവിലിൽ ഇറങ്ങുന്നതാണ്. ഉച്ചകഴിഞ്ഞ് 2 മണിയോടെ മൈലാടുതുറയ്ക്കുള്ള ബസ്സിൽ കയറി മൈലാടുതുറയിലേയ്ക്ക് ടിക്കറ്റെടുത്തു. 37 കി.മീറ്ററാണ് കുംഭകോണത്തുനിന്നും മൈലാടുതുറയിലേക്കുള്ളത്. ഒരു മണിക്കൂറാണ് യാത്രാസമയം എടുത്തത്. ട്രെയിനിൽ യാത്ര ചെയ്താൽ 30 മിനിട്ടത്തെ യാത്രയെ ഇവിടേയ്ക്കുള്ളു. മറ്റ് വാഹനത്തിലാണെങ്കിൽ 30 മിനിട്ട്‌കൊണ്ട് വൈത്തീസ്വരൻ കോവിലിൽ തന്നെ എത്താം. മൈലാടുതുറയിൽ ഇറങ്ങി പതിവ് പാനീയമായ ചായ കുടിച്ച് വൈത്തീശ്വരൻ കോവിലിലേക്കുള്ള ബസ്സിൽ കയറി. തികച്ചും ഗ്രാമീണമായ മേഖലകളിലൂടെയാണ് യാത്ര പുരോഗമിച്ചത്. നെൽപ്പാടങ്ങളും, കരിമ്പിൻ തോട്ടങ്ങളും, മെയ്‌സ് പാടങ്ങളും ഒക്കെ പിന്നിട്ട് ബസ്സ് യാത്ര തുടർന്നു. ഇടയിലെപ്പോഴോ അറിയാതെ ഉറക്കത്തിലേയ്ക്ക് വഴുതിയ എന്നെ കണ്ടക്ടർ സ്ഥലമെത്തിയപ്പോൾ വിളിച്ചുണർത്തുകയായിരുന്നു. ഇറങ്ങിയപ്പോളാണ് വൈത്തീശ്വരൻ കോവിലിന് നേരെ മുന്നിലാണ് എന്നെ ഇറക്കി വിട്ടിരിക്കുന്നത് എന്ന് മനസ്സിലായത്.

4 മണിക്കാണ് ക്ഷേത്രം തുറക്കുക. സമയം 3.50 മാത്രമേ ആയിരുന്നുള്ളു അപ്പോൾ. നട തുറക്കും വരെ കാത്ത് നിന്ന എന്നെ ഓലയെടുക്കാം എന്ന വാഗ്ദാനവുമായി ഒരാൾ സമീപിച്ചു. വൈത്തീശ്വരൻ കോവിലുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സംഭവം ഉള്ളതിനെപ്പറ്റി വിശദമായ അന്വേഷണത്തിൽ ഞാൻ മനസ്സിലാക്കിയിരുന്നു. അഗസ്ത്യമുനി എഴുതിയ മാനവരാശിയുടെ മുഴുവൻ ജാതകം ഇവിടെ സൂക്ഷിച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. നാഡീജ്യോതിഷം എന്നാണ് ഇത് അറിയപ്പെടുന്നത്. നമ്മുടെ പേരും കുടുംബത്തിലെ അംഗങ്ങളുടെ പേരും എന്നു വേണ്ട സകലമാന വിവരങ്ങളും ഇവയിൽ എഴുതി സൂക്ഷിച്ചിട്ടുണ്ട് പോലും. ഭൂതകാലത്തിനൊപ്പം നമ്മുടെ ഭാവിയും അതുവഴി അറിയാം എന്നാണ് പറയുന്നത്. നൂറ് കണക്കിന് നാഡീ ജ്യോതിഷാലയങ്ങളാണ് വൈത്തീശ്വരൻകോവിലിൽ ഉള്ളത്. എന്നാൽ ഇപ്പോൾ ഈ ഓലകളുടെ യഥാർത്ഥ കൈവശാവകാശി ഇവരിൽ ആരാണെന്ന് സാക്ഷാൽ അഗസ്ത്യനുപോലും അറിയാമോ എന്ന് സംശയമുണ്ടെന്നുള്ളതാണ് സത്യം. അത്‌കൊണ്ട് അത്തരം സാഹസത്തിന് മുതിരരുത് എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഏജന്റിനോട് താൽപര്യമില്ലായ്മ തുറന്ന് പറഞ്ഞ് അപ്പോഴേയ്ക്കും തുറന്ന ക്ഷേത്രത്തിലേയ്ക്ക് പ്രവേശിച്ചു.

വൈത്തീശ്വരൻ കോവിലിൽ ശിവനാണ് പ്രധാന പ്രതിഷ്ഠ. വൈദ്യനാഥനായാണ് ശിവനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഈശ്വരനായിട്ടാണ് സങ്കല്പം. മരുന്നും ആയി നില്ക്കുന്ന ഭഗവതിയുടെ പ്രതിഷ്ഠയും ധന്വന്തരി പ്രതിഷ്ഠ വേറെ ആയും ഉണ്ട്. ഇവിടെ ചൊവ്വയുടെ രണ്ട് പ്രതിഷ്ഠകളുണ്ട്. ഒന്ന് ഉത്സവമൂർത്തിയായി വൈദ്യനാഥസന്നിധിയ്ക്കടുത്തും മറ്റൊന്ന് പുറത്ത് പ്രദക്ഷിണവഴിയിലും.

വൈദ്യൻമാരുടെ വൈദ്യനായ ശിവനെ ഈ ക്ഷേത്രത്തിൽ ഭജിച്ചാൽ രോഗങ്ങൾക്ക് ശാന്തി ഉണ്ടാവും എന്നാണ് വിശ്വസിക്കുന്നത്. മാത്രമല്ല നവഗ്രഹക്ഷേത്രങ്ങളിൽ ചൊവ്വയെ പ്രതിനിധീകരിച്ചും ഈ ക്ഷേത്രം അറിയപ്പെടുന്നു. അതി മനോഹരമാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. ശ്രീകോവിലിനുള്ളിൽ ശിവലിംഗ പ്രതിഷ്ഠ വളരെ ഉള്ളിലായാണ് നടത്തിയിരിക്കുന്നത്. ക്ഷേത്രം പൂജാരിയുമായി പരിചയപ്പെട്ടതിന്റെ ഫലമായി ശ്രീകോവിൽ വാതിലിനരികിൽ തന്നെ നിന്ന് തൊഴാൻ സാധിച്ചു. ശ്രീകോവിലിനുള്ളിൽ തന്നെയുള്ള ഉപദേവൻമാരെയും തൊഴുത് പുറത്തിറങ്ങി. പ്രധാന ശ്രീകോവിലിന് പുറത്താണ് ദേവി പ്രതിഷ്ഠയുള്ളത്. ക്ഷേത്രത്തിൽ തന്നെ നവഗ്രഹങ്ങളുടെ പ്രത്യേക പ്രതിഷ്ഠയും നടത്തിയിരിക്കുന്നു.

ക്ഷേത്രത്തിനോട് ചേർന്ന് തന്നെ ജഡായുകുണ്ഡം എന്ന പേരിൽ തീർത്ഥക്കുളമുണ്ട്. രാമലക്ഷ്മണൻമാർ ജഡായുവിന് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത് ഇവിടെയാണെന്നാണ് ഐതീഹ്യം. ഇതിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നും ഭക്തർ വിശ്വസിക്കുന്നു.

ചരിത്രം

പത്താം നൂറ്റാണ്ടിൽ കുലോത്തുംഗ ചോളന്റെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ച് രാജ ഗോപുരങ്ങളോട് കൂടിയതാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. കാലത്ത് 6 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 4 മുതൽ 9 വരെയുമാണ് ദർശന സമയം.

ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചിലവിട്ടതിനുശേഷം പുറത്തിറങ്ങി. ഇനിയെനിക്ക് പോകാനുള്ളത് അത്ഭുത ക്ഷേത്രമായ ചിദംബരത്തേയ്ക്കാണ്. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ലിംഗരൂപിയല്ലാതെ ശിവഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഏക ക്ഷേത്രമാണ് ചിദംബരം. ചിദംബരനാഥന്റെ സവിധത്തിലേയ്ക്ക് എത്തിപ്പെടാനായി അടുത്ത ബസ്സിനായി കാത്തു നിന്നു.

തുടരും ...ചിദംബരം

തിരുനാഗേശ്വരം

തിരുനാഗേശ്വരം
---------------------------------------------
ഉപ്പിലിയപ്പൻ ക്ഷേത്രത്തിൽ നിന്നും നടന്നു പോകാവുന്ന ദൂരത്തിലാണ് തിരുനാഗേശ്വരം ക്ഷേത്രം. കുംഭകോണത്തെ നവഗ്രഹക്ഷേത്രങ്ങളിൽ രാഹുവിനെ പ്രതിനിധീകരിക്കുന്നതാണ് ഈ ക്ഷേത്രം, രാഹുവിന് പ്രാധാന്യമുണ്ടെങ്കിലും ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവനോടൊപ്പം പാർവ്വതിയെയും മറ്റ് ഉപദേവതകളെയും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.
തിരുജ്ഞാന സംബന്ധർ, തിരുനാവക്കരശർ, സുന്ദരമൂർത്തി തുടങ്ങിയവർ വാഴ്ത്തിപ്പാടിയ നാഗനാഥ സ്വാമിയെ ഭജിച്ചാൽ ജാതകദോഷങ്ങൾ വിട്ടുമാറുമെന്ന് കരുതപ്പെടുന്നു. നാഗന്നാഥ സ്വാമിക്ഷേത്രത്തിൽ അനേകം ഉപദേവതകളുണ്ടെങ്കിലും സോമസ്‌കന്ദൻ, ദക്ഷിണാമൂർത്തി, ആദിവിനായകൻ, ചണ്ഡീശ്വരൻ, സുബ്രഹ്മണ്യൻ, ലക്ഷ്മി, സരസ്വതി, പഞ്ചലിംഗങ്ങൾ, 63 നയനാർമാർ എന്നിവയാണ് പ്രധാന പ്രതിഷ്ഠകൾ. രാഹുവിന് പ്രത്യേകമായി പണിത ക്ഷേത്രമാണ് ഇവിടുത്തെ വലിയ പ്രത്യേകത. രാഹുവിനെ മനുഷ്യരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാഹുസ്ഥലമെന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ രാഹുദോഷങ്ങളകലാൻ പ്രത്യേക പൂജ നടത്തുന്നുണ്ട്.
ജാതകത്തിൽ രാഹുദോഷമുള്ളവർ ഈ ക്ഷേത്രത്തിലെത്തി രാഹുപൂജയിൽ പങ്കെടുത്താൽ രാഹുദോഷം മാറുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും നാല് സമയങ്ങളിൽ രാഹുവിന് പ്രത്യേകം പൂജ നടത്തുന്നുണ്ട്. മറ്റ് ദിവസങ്ങളിൽ രാഹുകാലം കൂടാതെ രണ്ട് സമയത്തുകൂടി ഈ പൂജ നടത്താറുണ്ട്. പൂജാസമയത്ത് മന്ത്രോച്ചാരണങ്ങളോടെ രാഹുവിന് പാലഭിഷേകമാണ് ഇവിടെ നടത്തുന്നത്. അഭിഷേക ശേഷം ഒഴുകി വരുന്ന പാൽ നേരിയ നീല നിറത്തിലാവുന്നു എന്നതാണ് ഈ പൂജയുടെ ഏറ്റവും വലിയ പ്രത്യേകത.
11.30 തിനുള്ള പൂജയിലാണ് ഞാൻ പങ്കെടുത്തത്. ആഴ്ചയിൽ എല്ലാദിവസവും ഈ സമയത്ത് ഇവിടെ പൂജ നടക്കുന്നുണ്ട്. ഏകദേശം 30 മിനിട്ടാണ് പൂജയുടെ ദൈർഘ്യം. ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പൂജാ സാധനങ്ങൾ നമുക്ക് പൂജാരിയെ ഏൽപ്പിക്കാം. പൂജയ്ക്ക് ശേഷം തീർത്ഥവും പ്രസാദവും ലഭിക്കും.
പൂജയ്ക്ക് ശേഷം മറ്റ് ഉപദേവതകളെ ദർശിക്കുവാൻ തുനിഞ്ഞപ്പോളാണ് ശ്രീ ഗിരി ഗുജ്ജാംബാൾ സന്നിധി എന്ന പ്രത്യേക ക്ഷേത്രം ശ്രദ്ധയിൽ പെട്ടത്. ലക്ഷ്മി, പാർവ്വതി, സരസ്വതി മാരെ ഒരേ സ്ഥലത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് ഇവിടെ. ഈ സന്നിധിയിലും ദർശനം നടത്തി പുറത്തിറങ്ങിയപ്പോളാണ് തൊട്ടടുത്ത കെട്ടിടത്തിൽ അന്നദാനം നടക്കുന്നുണ്ട് എന്നൊരു ഭക്തൻ പറഞ്ഞത്. വിശപ്പ് നന്നായി അനുഭവപ്പെടാൻ തുടങ്ങിയിരുന്നതിനാൽ അന്നദാന മണ്ഡപത്തിലെത്തി ഭക്ഷണം കഴിച്ചാണ് ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങിയത്.
ചരിത്രം
-------------------------
എ.ഡി പത്താം നൂറ്റാണ്ടിൽ ചോളരാജവംശത്തിലെ ആദിത്യചോളനാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ നായക കാലഘട്ടത്തിൽ ക്ഷേത്രം പുതിക്കിപ്പണിയുകയും കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 4 മുതൽ 9 വരെയുമാണ് ദർശന സമയം.
കുംഭകോണത്ത് എന്റെ ലിസ്റ്റിലുണ്ടായിരുന്ന ക്ഷേത്രങ്ങളിലെ ദർശനം കഴിഞ്ഞതിനാൽ ഇനി അടുത്ത ലക്ഷ്യസ്ഥാനമായ ചിദംബരത്തേയ്ക്കാണ് ഇനി എനിക്ക് പോവേണ്ടത്. ചിദംബരത്തിലെത്തും മുമ്പ് വൈത്തീശ്വരൻ കോവിലിലും ദർശനം നടത്താൻ ഉദ്ദേശമുണ്ടായിരുന്നു. റൂമിലെത്തി കുറച്ചു വിശ്രമിച്ച ശേഷം യാത്ര ആരംഭിക്കാം എന്ന ലക്ഷ്യത്തോടെ ബസ് കാത്ത് നിന്നു.
തുടരും... വൈത്തീശ്വരൻ കോവിൽ