പഞ്ചഭൂത ക്ഷേത്ര ദര്‍ശനം രണ്ടാം ഘട്ടം...
പഞ്ചഭൂത ക്ഷേത്ര ദര്‍ശനം രണ്ടാം ഘട്ടം...
ആദ്യ ഘട്ടത്തിൽ രണ്ട് പഞ്ചഭൂത ക്ഷേത്രങ്ങളാണ് ദർശിക്കാൻ സാധിച്ചത്. അതിനൊപ്പം നിരവധി മറ്റ് ക്ഷേത്രങ്ങളും സന്ദർശിക്കാൻ കഴിഞ്ഞത് പറഞ്ഞു കഴിഞ്ഞല്ലോ. അടുത്തതായി ദർശനത്തിന് പദ്ധതിയിട്ടത് ആന്ധ്രപ്രദേശിലുള്ള കാളഹസ്തീശ്വരമായിരുന്നു. പഞ്ചഭൂതക്ഷേത്രങ്ങളിൽ തമിഴ്‌നാടിന് പുറത്ത് സ്ഥിതി ചെയ്യുന്നത് ഈ ഒരു ക്ഷേത്രം മാത്രമാണ്. തിരുപ്പതിയിൽ നിന്നും 35 കിലോമീറ്റർ മാത്രം അകലെയാണ് കാളഹസ്തീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അത്‌കൊണ്ടു തന്നെ ഇക്കൂടെ തിരുപ്പതി വെങ്കിടാചലപതിയെകൂടി കാണാം എന്ന് തീരുമാനിക്കുകയായിരുന്നു.
പതിവിൽ നിന്നും വ്യത്യസ്തമായി ട്രെയിനാണ് യാത്രയ്ക്കായി തെരഞ്ഞെടുത്തത്. എറണാകുളത്തുനിന്നും ഉച്ചയ്ക്ക് പുറപ്പെടുന്ന ജയന്തിജനത എക്‌സ്പ്രസ്സാണ് യാത്രയ്ക്കായി ബുക്ക് ചെയ്തിരുന്നത്. കാലത്ത് 6.30 ന് കട്ടപ്പനയിൽ നിന്നും ബസ്സ് മാർഗ്ഗം എറണാകുളത്തെത്തി, ഉച്ചയ്ക്ക് 1.45 ന് ട്രെയിനിൽ കയറിപ്പറ്റി. സൈഡ് ബർത്തിൽ സുഖമായി ഇരിപ്പും ഉറപ്പിച്ചു. പിറ്റേന്ന് അതിരാവിലെ 3.10 നാണ് ട്രെയിൻ തിരുപ്പതി സ്‌റ്റോപ്പിൽ എത്തുക. ചില മലയാളി യാത്രക്കാരുള്ളവരോട് കുശലം പറഞ്ഞ് കാഴ്ചകളിലേക്ക് ശ്രദ്ധതിരിച്ച് ഞാനിരുന്നു. രാത്രിയിൽ ട്രെയിനിൽ നിന്നും കിട്ടുന്ന ഒരു വെജിറ്റേറിയൻ താലിമീൽസ് ആഹരിച്ച് അലാറം രാവിലെ 2.30 ന് സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു.
ചെറിയ മയക്കത്തിന് ശേഷം കൃത്യസമയത്തു തന്നെ ഉണർന്ന് ബാഗ് റെഡിയാക്കി കാത്തിരുന്നു. എറണാകുളത്ത് ഒരു മണിക്കൂറോളം ലേറ്റായാണ് ട്രെയിൻ എത്തിയിരുന്നതെങ്കിലും ഇപ്പോൾ കൃത്യസമയം പാലിച്ചാണ് യാത്ര തുടരുന്നത്. കൃത്യം 3.10 ന് മൊബൈലിൽ സെറ്റ് ചെയതിരുന്ന രണ്ടാമത്തെ അലാറം അടിച്ചപ്പോൾ തിരുപ്പതി സ്റ്റേഷനിൽ വണ്ടി സ്‌ളോ ചെയ്യുകയായിരുന്നു. തിരുപ്പതി ക്ഷേത്രത്തിന്റെ വരുമാനം കൊണ്ടാണ് തിരുപ്പതി എന്ന സ്ഥലം ഇന്ന് കാണുന്ന ഈ വളർച്ചയെല്ലാം നേടിയിരിക്കുന്നത് എന്നാണ് കേട്ടിട്ടുള്ളത്. കുടിവെള്ളം, പാർപ്പിടം, റോഡ് വികസനം എല്ലാം ക്ഷേത്ര വരുമാനത്തെ ആശ്രയിച്ചാണ് നടക്കുന്നത്.
മാർബിൾ വിരിച്ച് ഭംഗിയാക്കിയിരിക്കുന്ന റെയിൽവേ സ്റ്റേഷനിൽ ഭക്തർ പ്ലാറ്റ്‌ഫോമുകളിൽ വരെ കിടന്നുറങ്ങുന്നത് കാണാമായിരുന്നു. ഇവർക്കിടയിലൂടെ സ്‌റ്റേഷന് പുറത്തിറങ്ങിയപ്പോഴാണ് ആദ്യത്തെ അമ്പരപ്പ് ഉണ്ടായത്. തമിഴ് നാട്ടിലെ യാത്രകളിൽ ഭാഷ എനിക്കൊരു പ്രശ്‌നമായി തോന്നിയിരുന്നില്ല. തമിഴ് അത്യാവശ്യം ഭംഗിയായി പറയാനും തപ്പിയെടുത്ത് വായിക്കാനും അറിയാമായിരുന്നതാണ് അതിന് കാരണം. എന്നാൽ ആന്ധ്രയിൽ ചുരുട്ടിക്കെട്ടിയ വള്ളികളായി മാത്രമേ അക്ഷരം എനിക്ക് മനസ്സിലായുള്ളു. ഇംഗ്ലീഷ് പല ബോർഡുകളിലും കാണാനേ ഇല്ല. വിശ്രമത്തിന് തിരുപ്പതി ദേവസ്വത്തിന്റെ റെസ്റ്റ്ഹൗസാണ് ബുക്ക് ചെയ്തിരുന്നത്. അത് എവിടെയാണ് എന്ന് ആരോട് ചോദിക്കും എന്നതായിരുന്നു വലിയ പ്രതിസന്ധി. കാലത്ത് കടകളൊക്കെ തുറന്ന് വരുന്നതേയുള്ളു താനും. ഒടുക്കം അടുത്ത് കണ്ട ഒരു ടീ സ്റ്റാളിൽ കയറി ചായക്ക് ഓർഡർ ചെയ്ത് കാത്തിരുന്നു. ചായ എത്തിയപ്പോൾ റെസ്റ്റ്ഹൗസിനെപ്പറ്റി തമിഴിൽ അവരോട് ചോദിച്ചു. ചോദ്യം അവർക്ക് മനസ്സിലായെങ്കിലും അവർ മറുപടിയായി പറഞ്ഞ കൊടും തെലുങ്ക് എത്ര ശ്രമിച്ചിട്ടും തലയിൽ കയറിയതേയില്ല.
ഒടുവിൽ പുറത്തിറങ്ങി ചുറ്റുപാടും നോക്കിയപ്പോൾ ഒരു ഭാഗത്തായി റെസ്റ്റ്ഹൗസുകളുടെ ബോർഡ് വെച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഭാഗ്യത്തിന് ആ ബോർഡുകളിൽ ഇംഗ്ലീഷും ഉണ്ടായിരുന്നു. രണ്ട് മിനിട്ടത്തെ നടപ്പിന് ശേഷം ബുക്ക് ചെയ്തിരുന്ന റെസ്റ്റ് ഹൗസിൽ എത്തി. മുറിയിലെത്തി കുറച്ചൊന്ന് വിശ്രമിക്കാനായി കിടന്നു. തിരുപ്പതി സന്ദർശനം പ്ലാൻ ചെയ്തപ്പോൾ തന്നെ ഓൺലൈൻ വഴി ദർശനവും ബുക്ക് ചെയ്തിരുന്നു. കാലത്ത് 10.30 നാണ് ദർശനത്തിന് സസയം അനുവദിച്ചിരിക്കുന്നത്. ബസ്സിൽ തിരുപ്പതി മലമുകളിലേക്ക് എത്താൻ എതാണ്ട് 45 മിനിട്ടോളം എടുക്കുമെന്ന് അന്വേഷണത്തിൽ ഒരുവിധം മനസ്സിലാക്കിയിരുന്നു. കാലത്ത് 8 മണിക്കെങ്കിലും തയാറായാലെ സമയത്ത് ദർശന ക്യൂവിൽ എത്താൻ കഴിയു എന്നതിനാൽ കുറച്ചു നേരം മാത്രം ഒന്ന് മയങ്ങാൻ തീരുമാനിച്ച് കിടക്കയിൽ കിടന്നു.
തുടരും....തിരുപ്പതി വെങ്കിടാചലപതി


0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home