ചിദംബരം (തുടരുന്നു) 2
ചിദംബരം (തുടരുന്നു) 2
വലിയ ചുറ്റുമതിലിനുള്ളിൽ ബൃഹത്തായ നിർമ്മിതികളോട് കൂടിയതാണ് ചിദംബരം ക്ഷേത്രം. പ്രധാന വാതിൽ കടന്നു ചെല്ലുമ്പോൾ ഗണപതിയുടെ പ്രതിഷ്ഠയുള്ള ഒരു ശ്രീകോവിലാണ് കാണുന്നത്. ഇത് നാം കണ്ടിട്ടുള്ള ക്ഷേത്രങ്ങളിലേതു പോലെ ചുറ്റമ്പലത്തിന് പുറത്താണ് ഉള്ളത്. ഇവിടെ നിന്നും വീണ്ടുമൊരു മതിൽ കടന്നാലാണ് ശ്രീകോവിലിരിക്കുന്നിടത്തേയ്ക്ക് നാം പ്രവേശിക്കുക. നിറയെ കൊത്തുപണികളോട് കൂടിയ കൽതൂണുകളാണ് ക്ഷേത്രത്തിലെവിടെയും. ഞാൻ കടന്നു ചെല്ലുമ്പോൾ രാത്രി പൂജയ്ക്ക് ക്ഷേത്രം അടച്ചിരിക്കുകയാണ്.
നടരാജക്ഷേത്രം ഒരു പ്രത്യേക ഭാഗമായാണ് നിലകൊള്ളുന്നത്. നാലടിയോളം കെട്ടിയുയർത്തിയ തറയിലാണ് ക്ഷേത്രം. ഇത് തന്നെ രണ്ട് ഭാഗങ്ങളായാണ് പണിതിരിക്കുന്നത്. വിശാലമായ ഒരു മുഖത്തളമാണ് ആദ്യം അതിന് പുറകിൽ ശ്രീകോവിലും. പ്രത്യേക രീതിയിലുള്ള വാതിലുകൾ കൊണ്ട് ഈ മുഖത്തളം അടച്ചിട്ടാണ് പൂജകൾ നടത്തുക. പൂജയ്ക്ക് ശേഷം ആദ്യം തുറക്കുന്നത് ഈ വാതിലുകളാണ്. പിന്നീടാണ് ശ്രീകോവിൽ നട തുറക്കുക. താന്ത്രിക പ്രാധാന്യമല്ല കേരളത്തിന് പുറത്തുള്ള മിക്ക ക്ഷേത്രങ്ങളും. ദീപാരാധനയുടെ വ്യത്യസ്തതയാണ് ഇവിടെയൊക്കെ പതിവ്. പ്രധാന ക്ഷേത്രത്തിന് പുറകിൽ ആ ഉയരത്തിൽ തന്നെയുള്ള വിശാലമായ ഒരു തളമുണ്ട്. അവിടെയാണ് ഞാൻ സ്ഥാനം പിടിച്ചത്. പൂജകൾ നടക്കുമ്പോൾ ക്ഷേത്രത്തിലെ എല്ലാ മണികളും ഒന്നിച്ച് മുഴക്കുക എന്നത് ഇവിടെ മാത്രം കണ്ട പ്രത്യേകതയാണ്. ഇത് കൂടാതെ സ്ഥിരമായി വരുന്ന ഭക്തർ കൈവശം കൊണ്ടുവരുന്ന മണികൾ മുഴക്കുകയും, ഗിഞ്ചറ പോലുള്ള വാദ്യോപകരണങ്ങൾ നിർത്താതെ വായിക്കുന്നുണ്ടായിരുന്നു. അതോടൊപ്പം നൂറ് കണക്കിന് കണ്ഠങ്ങളിൽ നിന്നും നമശിവായ മന്ത്രം അഘണ്ഡമായി ജപിക്കുന്നതിന്റെ ശബ്ദവും ചേർന്നപ്പോൾ ഇപ്പോൾ നിൽക്കുന്നത് ഭൂമിയിൽ തന്നെയാണോ എന്ന സംശയത്തിലായിപ്പോയി ഞാൻ.
തളത്തിന്റെ വാതിൽ ആദ്യവും പിന്നീട് ശ്രീകോവിലും തുറക്കപ്പെട്ടു. നൂറ് കണക്കിന് ദീപങ്ങളാൽ അലംകൃതനായി നടരാജനും തൊട്ടു ഇടതു ഭാഗത്ത് (നമ്മുടെ വലത്ത്) രത്‌നഘചിതമായ കിരീടവും, വെട്ടിത്തിളങ്ങുന്ന ആടയാഭരണങ്ങളുമായി പാർവ്വതീ ദേവിയെയും കാണാറായി. വാക്കുകളാലോ അക്ഷരത്തിലോ വർണ്ണിക്കാവുന്ന ഒരു കാഴ്ചയല്ല അത് എന്ന് മാത്രം പറയട്ടെ. അക്ഷരാർത്ഥത്തിൽ ദിവ്യമായ ഒരു അനുഭൂതി നമ്മിലേക്ക് പടരുന്ന ഒരു കാഴ്ച തന്നെയാണ് ഞാനവിടെ കണ്ടത്. ദർശനത്തിന്റെ തിരക്ക് കഴിഞ്ഞ് ഞാൻ നിന്നിടത്തു നിന്നും ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. തൊട്ട് ഇടതു ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച വീണ്ടും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
ഞാൻ നിന്നിരുന്നതിന്റെ ഇടത് ഭാഗത്ത് ഒരു വലിയ ശ്രീകോവിൽ കൂടെ കാണാൻ കഴിഞ്ഞു. പുറത്ത് നിന്ന് തന്നെ അതിലെ പ്രതിഷ്ഠയും നമുക്ക് കാണാം. വൈകുണ്ഡനാഥനായ സാക്ഷാൽ മഹാവിഷ്ണുവിനെയാണ് അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതും അനന്തശയന ഭാവത്തിൽ. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേതിന് സമാനമായി ഒരു പക്ഷേ അതിലും വലുപ്പത്തിലുള്ള അനന്തശയന രൂപമാണ് പ്രതിഷ്ഠ. തമിഴ് നാട്ടിലെ മിക്ക വലിയ ക്ഷേത്രങ്ങളിലും സന്ദർശനം നടത്തിയിട്ടും ശൈവ വൈഷ്ണവ മൂർത്തികളെ തുല്യ പ്രാധാന്യത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഞാനാദ്യമായിട്ടായിരുന്നു. ഇതിൽ ഏറ്റവും നമ്മെ അദ്ഭുതപ്പെടുത്തുന്നത്. ഒരു പ്രത്യേക സ്ഥലത്ത് നിന്നാൽ നടരാജനെയും വൈകുണ്ഠനാഥനെയും ഒരേ സമയം നമുക്ക് കാണാം എന്നതാണ്.
ഈ ശ്രീകോവിലിനുള്ളിൽ കടന്നപ്പോൾ പൂർണ്ണമായും ഒരു വിഷ്ണു ക്ഷേത്രത്തിൽ കടന്ന പ്രതീതിയാണ് ഉണ്ടായത്. അനന്തശയന പ്രതിഷ്ഠയ്ക്ക് മുന്നിലായി ദേവിമാരാൽ പരിചരിക്കപ്പെടുന്ന വിഷ്ണുവിന്റെ മറ്റൊരു പ്രതിഷ്ഠയുമുണ്ട്. ശ്രീകോവിലിന് ചുറ്റും വിഷ്ണുവിന്റെ അവതാര പ്രതിമകളെയും ദർശിക്കാം. ഇവിടെ നിരവധി വാധ്യാർമാർ( വേദം പഠിച്ചവർ) നിരന്നിരുന്ന ഉച്ചത്തിൽ പ്രത്യേക താളക്രമത്തിൽ വേദം ചൊല്ലുന്നുണ്ടായിരുന്നു. പ്രസാദവും വാങ്ങി പുറത്തിറങ്ങിയ ഞാൻ ഇനി നടരാജദജർശനം ഒന്നുകൂടി സുഗമമായി നടത്തുന്നതിനായി അങ്ങോട്ടേയ്ക്ക് ഇറങ്ങി. ആ സമയം യുവാവായ ഒരു ബ്രാഹ്മണൻ ഏന്നെ നോക്കി ചിരിച്ച് കൊണ്ട് അടുത്തേയ്ക്ക് വന്നു. തമ്മിൽ പരിചയപ്പെട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം എന്റെ വളരെ അടുത്ത ഒരു സുഹൃത്തിന്റെ സുഹൃത്താണ് എന്ന് അദ്ഭുതത്തോടെ മനസ്സിലാക്കി. ചിദംബര ക്ഷേത്രം ഒരു പ്രത്യേക ട്രസ്റ്റ് ആണ് ഭരിക്കുന്നത്. ഇവിടെ പൂജാവകാശമുള്ള ശങ്കരദീക്ഷിതരുടെ മകനായിരുന്നു എന്നെ പരിചയപ്പെടാൻ എത്തിയത്. പിന്നീട് കാര്യങ്ങൾ വളരെ എളുപ്പമായി എന്ന് പറയേണ്ടതില്ലല്ലോ.
(ഗോവിന്ദരാജപെരുമാളിന്റെ യഥാര്‍ത്ഥ ഫോട്ടോയാണ് കൂടെയുള്ളത്.)
തുടരും....നടരാജ ദർശനാനുഭവങ്ങൾ...


0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home