Saturday, November 12, 2016

ചിദംബരം 1

ചിദംബരം 1


വൈത്തീശ്വരൻ കോവിൽ നിന്നും ഇനി എനിക്ക് പോവേണ്ടത് ചിദംബരത്തേയ്ക്കാണ്. പഞ്ചഭൂതക്ഷേത്രങ്ങളിൽ ഒരു പക്ഷെ എന്നെ ഏറ്റവും സ്വാധീനിച്ച രണ്ട് ക്ഷേത്രങ്ങളിലൊന്നാണ് ചിദംബരം. മറ്റൊന്ന് കാളഹസ്തീശ്വരമാണ്. 25 കിലോമീറ്ററാണ് റോഡ്മാർഗ്ഗം വൈത്തീശ്വരൻ കോവിലിൽ നിന്നും ചിദംബരത്തേയ്ക്കുള്ളത്. കുറച്ച് നേരത്തെ കാത്ത് നിൽപ്പിനുശേഷം ചിദംബരത്തേയ്ക്കുള്ള ലിമിറ്റഡ്‌സ്റ്റോപ്പ് ബസ് ലഭിച്ചു. 45 മിനിട്ട് സമയമെടുത്തു ബസ്സ് ചിദംബരത്ത് എത്തിച്ചേരാൻ. ജലദൗർലഭ്യം ഏറെയുള്ള മേഖലകളിലൂടെയാണ് ബസ്സ് കടന്നുപോയത്. എന്നാൽ ഏതാണ്ട് മിക്ക മേഖലകളിലും കാർഷിക ആവശ്യത്തിന് ജലമെത്തിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. ഏകദേശം വൈകിട്ട് 6.30 ഓടെ ബസ്സ് ചിദംബരം നഗരത്തിലേയ്ക്ക് പ്രവേശിച്ചു.
ബസ് സ്റ്റാൻഡിലേയ്ക്ക് തിരിയുമ്പോൾ തന്നെ ചിദംബരനാഥന്റെ ക്ഷേത്രത്തിന്റെ സ്വാഗത കവാടം നമുക്ക് കാണാം. കോവിലിനോട് ചേർന്നുള്ള ബസ് സ്‌റ്റോപ്പിൽ തന്നെ ഇറങ്ങി. സ്വാഗത കവാടത്തിനുള്ളിൽ തന്നെയുള്ള ലോഡ്ജിൽ എ.സി മുറിയ്ക്ക് 600 രൂപയാണ് ഈടാക്കിയത്. കുറച്ചു നേരത്തെ വിശ്രമത്തിനും കുളിക്കും ശേഷം ക്ഷേത്രത്തിലേയ്ക്ക് പോകാം എന്ന തീരുമാനത്തിലെത്തി. രാത്രി 9.30 വരെ ക്ഷേത്ര നട തുറന്നിരിക്കുമെന്ന് അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതിലാണ് ദർശനം ഇന്ന് തന്നെയാകാം എന്ന് തീരുമാനിച്ചത്.
നേരം നന്നായി ഇരുട്ടിയിരുന്നെങ്കിലും വഴിവിളക്കുകളുടെ പ്രകാശത്തിൽ ക്ഷേത്രത്തിലേയ്ക്ക് നടക്കാൻ ബുദ്ധിമൊട്ടൊന്നും നേരിട്ടില്ല. ആദ്യ ഗോപുരം കടക്കുമ്പോൾതന്നെ കവാടത്തിൽ ഗണപതിയുടെ ഒരു പ്രതിഷ്ഠ കാണാൻ കഴിഞ്ഞു. വിഘ്‌നേശ്വരനെ തൊഴുത് അകത്തേയ്ക്ക് നടന്നു. ചിദംബരം പട്ടണത്തിന്റെ നടുക്ക് 25 ഏക്കറിലാണ് ചിദംബരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ രണ്ടാമത്തെ ഗോപുരം കടന്നപ്പോൾ വിശാലമായ അകത്തളത്തിലേയ്ക്ക് പ്രവേശിച്ചു.നേരെ മുന്നിലും വലതു ഭാഗത്തും രണ്ട് ശ്രീകോവിലുകൾ കാണാൻ കഴിഞ്ഞു. എന്നാൽ പ്രധാന ശ്രീകോവിൽ എവിടെയാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ കഴിയാതെ വന്ന ഞാൻ തൊട്ടടുത്ത് വലതു ഭാഗത്തേയ്ക്ക് കണ്ട വഴിയിലൂടെ നടപ്പ് തുടർന്നു. എന്നാൽ അൽപം പോയപ്പോൾ തന്നെ ഇത് ക്ഷേത്രത്തിൽ നിന്നും പുറത്തേയ്ക്കുള്ള മറ്റൊരു വഴിയാണെന്ന് മനസ്സിലായി.
തിരികെ നടക്കാൻ തുടങ്ങിയ ഞാൻ തൊട്ട് ഇടതുവശത്തായി മറ്റൊരു ക്ഷേത്രം കണ്ടു. അവിടെയും ഗണപതിയെത്തന്നെയാണ് പ്രതിഷ്ഠിച്ചിരുന്നത്. തൊഴുതു കഴിഞ്ഞപ്പോൾ രണ്ട് പൂജാരിമാർ ഒരു പാത്രത്തിൽ നിന്നും പ്രസാദം വിതരണം ചെയ്യുന്നതും ആളുകൾ അത് മേടിച്ച് കഴിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ക്ഷേത്രത്തിൽ തൊഴാൻ എത്തുന്നവർക്ക് മാത്രമല്ല പ്രധാന ക്ഷേത്രത്തിനുള്ളിലേക്ക് പോകുന്നവർക്കും അവർ അടുത്ത് വിളിച്ച് പ്രസാദം വിതരണം ചെയ്യുന്നുണ്ടായിരുന്നു. കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ ആ സമയം സ്വമേധയാ കടന്നു വന്ന് പൂജാരിമാരിൽ നിന്നും പ്രസാദം ഏറ്റുവാങ്ങി ഭക്തിയോടെ കഴിക്കുന്നതും കണ്ടു. വൈദ്യുതി ബൾബിന്റെ പ്രകാശം ഉണ്ടായിരുന്നെങ്കിലും ക്ഷേത്രപരിസരത്തെ ഇരുട്ടിനെ പൂർണ്ണമായി നീക്കാൻ ആ വെളിച്ചത്തിന് കഴിഞ്ഞിരുന്നില്ല. നേരിയ ഇരുട്ടിൽ അടുത്ത് ചെന്ന് ശ്രദ്ധിച്ചപ്പോഴാണ് അത് കറുത്ത വസ്ത്രം ധരിച്ച സാധാരണക്കാരായിരുന്നില്ല മറിച്ച് പർദ്ദ ധരിച്ച രണ്ട് മുസ്ലീം സ്ത്രീകളാണ് എന്ന് മനസ്സിലായത്. മതത്തിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങളുടെ നാട്ടിൽ നിന്നും എത്തിയത് കൊണ്ടാകാം എന്നെ സംബന്ധിച്ചിടത്തോളം ചിദംബരം നൽകിയ ആദ്യ അദ്ഭുതം അത് തന്നെയായിരുന്നു.
ആ അദ്ഭുതത്തിന്റെ അമ്പരപ്പ് മാറുന്നതിന് മുമ്പേ പിന്നെയും അദ്ഭുതങ്ങളുടെ വരവായിരുന്നു. നഗരത്തിന്റെ ഒത്ത നടുക്ക് 25 ഏക്കറിൽ പരന്നു കിടക്കുന്നതിനാൽ ഒരു ഭാഗത്തു നിന്നും മറ്റേ ഭാഗത്തേയ്ക്ക് കാൽനടയായി പോകുന്നവർ മുഴുവൻ ക്ഷേത്രം കോമ്പൗണ്ടിനുള്ളിലൂടെയാണ് കടന്നു പോയിരുന്നത്. അവരിൽ ഭൂരിപക്ഷവും പർദ്ദധരിച്ച മുസ്ലീം സ്ത്രീകളും മതചിഹ്നങ്ങളണിഞ്ഞ മുസ്ലീം പുരുഷൻമാരുമായിരുന്നു. ഇവരെല്ലാം തന്നെ കാലിലണിഞ്ഞിരുന്ന ചെരുപ്പ് കയ്യിലെടുത്ത് ക്ഷേത്രാചാരങ്ങളോട് അനുഭാവം പുലർത്തിയും പ്രധാന ശ്രീകോവിലിനടുത്തെത്തുമ്പോൾ ചെരുപ്പ് മാറ്റി വെച്ച് പുറത്തു നിന്നും തൊഴുതിട്ടുമാണ് കടന്നു പോയിരുന്നത്. ഏത് സമയത്തും ജാതി മതഭേദമന്യേ എല്ലാ പൊതു ജനങ്ങൾക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശനവും സാധ്യമാണ് എന്ന് പിന്നീട് മനസ്സിലായി.
ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിച്ച് വേലികെട്ടിത്തിരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടുകാർ മതസൗഹാർദ്ദത്തിന്റെയും യഥാർത്ഥ ഈശ്വര വിശ്വാസത്തിന്റെയും മകുടോദാഹരണമായ ഈ ക്ഷേത്രം ഒന്ന് കാണണം. ഈ മഹാക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളുടെ വലുപ്പം പോലുമില്ലാത്ത നമ്മുടെ ചില തട്ടിക്കൂട്ട് ക്ഷേത്രങ്ങളിലും, മഹാ ക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് അഭിമാന പുരസരം പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ട ഓർമയിൽ സ്വയം ലജ്ജിച്ചാണ് പ്രധാന ക്ഷേത്രത്തിലേയ്ക്ക് ഞാൻ കടന്നത്.
തുടരും ചിദംബരനാഥ ദർശനം...

Wednesday, November 9, 2016

വൈത്തീശ്വരൻ കോവിൽ

കുംഭകോണം

വൈത്തീശ്വരൻ കോവിൽ

കുംഭകോണത്തു നിന്നും വൈത്തീശ്വരൻ കോവിലിലേക്ക് ഒറ്റ ബസ് നോക്കുന്നതിലും നല്ലത് മൈലാടുതുറയിലെത്തി പിന്നീട് ചിദംബരം ബസ്സിലോ, ശീർകാഴി ബസ്സിലോ കയറി വൈത്തീശ്വരം കോവിലിൽ ഇറങ്ങുന്നതാണ്. ഉച്ചകഴിഞ്ഞ് 2 മണിയോടെ മൈലാടുതുറയ്ക്കുള്ള ബസ്സിൽ കയറി മൈലാടുതുറയിലേയ്ക്ക് ടിക്കറ്റെടുത്തു. 37 കി.മീറ്ററാണ് കുംഭകോണത്തുനിന്നും മൈലാടുതുറയിലേക്കുള്ളത്. ഒരു മണിക്കൂറാണ് യാത്രാസമയം എടുത്തത്. ട്രെയിനിൽ യാത്ര ചെയ്താൽ 30 മിനിട്ടത്തെ യാത്രയെ ഇവിടേയ്ക്കുള്ളു. മറ്റ് വാഹനത്തിലാണെങ്കിൽ 30 മിനിട്ട്‌കൊണ്ട് വൈത്തീസ്വരൻ കോവിലിൽ തന്നെ എത്താം. മൈലാടുതുറയിൽ ഇറങ്ങി പതിവ് പാനീയമായ ചായ കുടിച്ച് വൈത്തീശ്വരൻ കോവിലിലേക്കുള്ള ബസ്സിൽ കയറി. തികച്ചും ഗ്രാമീണമായ മേഖലകളിലൂടെയാണ് യാത്ര പുരോഗമിച്ചത്. നെൽപ്പാടങ്ങളും, കരിമ്പിൻ തോട്ടങ്ങളും, മെയ്‌സ് പാടങ്ങളും ഒക്കെ പിന്നിട്ട് ബസ്സ് യാത്ര തുടർന്നു. ഇടയിലെപ്പോഴോ അറിയാതെ ഉറക്കത്തിലേയ്ക്ക് വഴുതിയ എന്നെ കണ്ടക്ടർ സ്ഥലമെത്തിയപ്പോൾ വിളിച്ചുണർത്തുകയായിരുന്നു. ഇറങ്ങിയപ്പോളാണ് വൈത്തീശ്വരൻ കോവിലിന് നേരെ മുന്നിലാണ് എന്നെ ഇറക്കി വിട്ടിരിക്കുന്നത് എന്ന് മനസ്സിലായത്.

4 മണിക്കാണ് ക്ഷേത്രം തുറക്കുക. സമയം 3.50 മാത്രമേ ആയിരുന്നുള്ളു അപ്പോൾ. നട തുറക്കും വരെ കാത്ത് നിന്ന എന്നെ ഓലയെടുക്കാം എന്ന വാഗ്ദാനവുമായി ഒരാൾ സമീപിച്ചു. വൈത്തീശ്വരൻ കോവിലുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സംഭവം ഉള്ളതിനെപ്പറ്റി വിശദമായ അന്വേഷണത്തിൽ ഞാൻ മനസ്സിലാക്കിയിരുന്നു. അഗസ്ത്യമുനി എഴുതിയ മാനവരാശിയുടെ മുഴുവൻ ജാതകം ഇവിടെ സൂക്ഷിച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. നാഡീജ്യോതിഷം എന്നാണ് ഇത് അറിയപ്പെടുന്നത്. നമ്മുടെ പേരും കുടുംബത്തിലെ അംഗങ്ങളുടെ പേരും എന്നു വേണ്ട സകലമാന വിവരങ്ങളും ഇവയിൽ എഴുതി സൂക്ഷിച്ചിട്ടുണ്ട് പോലും. ഭൂതകാലത്തിനൊപ്പം നമ്മുടെ ഭാവിയും അതുവഴി അറിയാം എന്നാണ് പറയുന്നത്. നൂറ് കണക്കിന് നാഡീ ജ്യോതിഷാലയങ്ങളാണ് വൈത്തീശ്വരൻകോവിലിൽ ഉള്ളത്. എന്നാൽ ഇപ്പോൾ ഈ ഓലകളുടെ യഥാർത്ഥ കൈവശാവകാശി ഇവരിൽ ആരാണെന്ന് സാക്ഷാൽ അഗസ്ത്യനുപോലും അറിയാമോ എന്ന് സംശയമുണ്ടെന്നുള്ളതാണ് സത്യം. അത്‌കൊണ്ട് അത്തരം സാഹസത്തിന് മുതിരരുത് എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഏജന്റിനോട് താൽപര്യമില്ലായ്മ തുറന്ന് പറഞ്ഞ് അപ്പോഴേയ്ക്കും തുറന്ന ക്ഷേത്രത്തിലേയ്ക്ക് പ്രവേശിച്ചു.

വൈത്തീശ്വരൻ കോവിലിൽ ശിവനാണ് പ്രധാന പ്രതിഷ്ഠ. വൈദ്യനാഥനായാണ് ശിവനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഈശ്വരനായിട്ടാണ് സങ്കല്പം. മരുന്നും ആയി നില്ക്കുന്ന ഭഗവതിയുടെ പ്രതിഷ്ഠയും ധന്വന്തരി പ്രതിഷ്ഠ വേറെ ആയും ഉണ്ട്. ഇവിടെ ചൊവ്വയുടെ രണ്ട് പ്രതിഷ്ഠകളുണ്ട്. ഒന്ന് ഉത്സവമൂർത്തിയായി വൈദ്യനാഥസന്നിധിയ്ക്കടുത്തും മറ്റൊന്ന് പുറത്ത് പ്രദക്ഷിണവഴിയിലും.

വൈദ്യൻമാരുടെ വൈദ്യനായ ശിവനെ ഈ ക്ഷേത്രത്തിൽ ഭജിച്ചാൽ രോഗങ്ങൾക്ക് ശാന്തി ഉണ്ടാവും എന്നാണ് വിശ്വസിക്കുന്നത്. മാത്രമല്ല നവഗ്രഹക്ഷേത്രങ്ങളിൽ ചൊവ്വയെ പ്രതിനിധീകരിച്ചും ഈ ക്ഷേത്രം അറിയപ്പെടുന്നു. അതി മനോഹരമാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. ശ്രീകോവിലിനുള്ളിൽ ശിവലിംഗ പ്രതിഷ്ഠ വളരെ ഉള്ളിലായാണ് നടത്തിയിരിക്കുന്നത്. ക്ഷേത്രം പൂജാരിയുമായി പരിചയപ്പെട്ടതിന്റെ ഫലമായി ശ്രീകോവിൽ വാതിലിനരികിൽ തന്നെ നിന്ന് തൊഴാൻ സാധിച്ചു. ശ്രീകോവിലിനുള്ളിൽ തന്നെയുള്ള ഉപദേവൻമാരെയും തൊഴുത് പുറത്തിറങ്ങി. പ്രധാന ശ്രീകോവിലിന് പുറത്താണ് ദേവി പ്രതിഷ്ഠയുള്ളത്. ക്ഷേത്രത്തിൽ തന്നെ നവഗ്രഹങ്ങളുടെ പ്രത്യേക പ്രതിഷ്ഠയും നടത്തിയിരിക്കുന്നു.

ക്ഷേത്രത്തിനോട് ചേർന്ന് തന്നെ ജഡായുകുണ്ഡം എന്ന പേരിൽ തീർത്ഥക്കുളമുണ്ട്. രാമലക്ഷ്മണൻമാർ ജഡായുവിന് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത് ഇവിടെയാണെന്നാണ് ഐതീഹ്യം. ഇതിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നും ഭക്തർ വിശ്വസിക്കുന്നു.

ചരിത്രം

പത്താം നൂറ്റാണ്ടിൽ കുലോത്തുംഗ ചോളന്റെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ച് രാജ ഗോപുരങ്ങളോട് കൂടിയതാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. കാലത്ത് 6 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 4 മുതൽ 9 വരെയുമാണ് ദർശന സമയം.

ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചിലവിട്ടതിനുശേഷം പുറത്തിറങ്ങി. ഇനിയെനിക്ക് പോകാനുള്ളത് അത്ഭുത ക്ഷേത്രമായ ചിദംബരത്തേയ്ക്കാണ്. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ലിംഗരൂപിയല്ലാതെ ശിവഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഏക ക്ഷേത്രമാണ് ചിദംബരം. ചിദംബരനാഥന്റെ സവിധത്തിലേയ്ക്ക് എത്തിപ്പെടാനായി അടുത്ത ബസ്സിനായി കാത്തു നിന്നു.

തുടരും ...ചിദംബരം

തിരുനാഗേശ്വരം

തിരുനാഗേശ്വരം
---------------------------------------------
ഉപ്പിലിയപ്പൻ ക്ഷേത്രത്തിൽ നിന്നും നടന്നു പോകാവുന്ന ദൂരത്തിലാണ് തിരുനാഗേശ്വരം ക്ഷേത്രം. കുംഭകോണത്തെ നവഗ്രഹക്ഷേത്രങ്ങളിൽ രാഹുവിനെ പ്രതിനിധീകരിക്കുന്നതാണ് ഈ ക്ഷേത്രം, രാഹുവിന് പ്രാധാന്യമുണ്ടെങ്കിലും ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവനോടൊപ്പം പാർവ്വതിയെയും മറ്റ് ഉപദേവതകളെയും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.
തിരുജ്ഞാന സംബന്ധർ, തിരുനാവക്കരശർ, സുന്ദരമൂർത്തി തുടങ്ങിയവർ വാഴ്ത്തിപ്പാടിയ നാഗനാഥ സ്വാമിയെ ഭജിച്ചാൽ ജാതകദോഷങ്ങൾ വിട്ടുമാറുമെന്ന് കരുതപ്പെടുന്നു. നാഗന്നാഥ സ്വാമിക്ഷേത്രത്തിൽ അനേകം ഉപദേവതകളുണ്ടെങ്കിലും സോമസ്‌കന്ദൻ, ദക്ഷിണാമൂർത്തി, ആദിവിനായകൻ, ചണ്ഡീശ്വരൻ, സുബ്രഹ്മണ്യൻ, ലക്ഷ്മി, സരസ്വതി, പഞ്ചലിംഗങ്ങൾ, 63 നയനാർമാർ എന്നിവയാണ് പ്രധാന പ്രതിഷ്ഠകൾ. രാഹുവിന് പ്രത്യേകമായി പണിത ക്ഷേത്രമാണ് ഇവിടുത്തെ വലിയ പ്രത്യേകത. രാഹുവിനെ മനുഷ്യരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാഹുസ്ഥലമെന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ രാഹുദോഷങ്ങളകലാൻ പ്രത്യേക പൂജ നടത്തുന്നുണ്ട്.
ജാതകത്തിൽ രാഹുദോഷമുള്ളവർ ഈ ക്ഷേത്രത്തിലെത്തി രാഹുപൂജയിൽ പങ്കെടുത്താൽ രാഹുദോഷം മാറുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും നാല് സമയങ്ങളിൽ രാഹുവിന് പ്രത്യേകം പൂജ നടത്തുന്നുണ്ട്. മറ്റ് ദിവസങ്ങളിൽ രാഹുകാലം കൂടാതെ രണ്ട് സമയത്തുകൂടി ഈ പൂജ നടത്താറുണ്ട്. പൂജാസമയത്ത് മന്ത്രോച്ചാരണങ്ങളോടെ രാഹുവിന് പാലഭിഷേകമാണ് ഇവിടെ നടത്തുന്നത്. അഭിഷേക ശേഷം ഒഴുകി വരുന്ന പാൽ നേരിയ നീല നിറത്തിലാവുന്നു എന്നതാണ് ഈ പൂജയുടെ ഏറ്റവും വലിയ പ്രത്യേകത.
11.30 തിനുള്ള പൂജയിലാണ് ഞാൻ പങ്കെടുത്തത്. ആഴ്ചയിൽ എല്ലാദിവസവും ഈ സമയത്ത് ഇവിടെ പൂജ നടക്കുന്നുണ്ട്. ഏകദേശം 30 മിനിട്ടാണ് പൂജയുടെ ദൈർഘ്യം. ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പൂജാ സാധനങ്ങൾ നമുക്ക് പൂജാരിയെ ഏൽപ്പിക്കാം. പൂജയ്ക്ക് ശേഷം തീർത്ഥവും പ്രസാദവും ലഭിക്കും.
പൂജയ്ക്ക് ശേഷം മറ്റ് ഉപദേവതകളെ ദർശിക്കുവാൻ തുനിഞ്ഞപ്പോളാണ് ശ്രീ ഗിരി ഗുജ്ജാംബാൾ സന്നിധി എന്ന പ്രത്യേക ക്ഷേത്രം ശ്രദ്ധയിൽ പെട്ടത്. ലക്ഷ്മി, പാർവ്വതി, സരസ്വതി മാരെ ഒരേ സ്ഥലത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് ഇവിടെ. ഈ സന്നിധിയിലും ദർശനം നടത്തി പുറത്തിറങ്ങിയപ്പോളാണ് തൊട്ടടുത്ത കെട്ടിടത്തിൽ അന്നദാനം നടക്കുന്നുണ്ട് എന്നൊരു ഭക്തൻ പറഞ്ഞത്. വിശപ്പ് നന്നായി അനുഭവപ്പെടാൻ തുടങ്ങിയിരുന്നതിനാൽ അന്നദാന മണ്ഡപത്തിലെത്തി ഭക്ഷണം കഴിച്ചാണ് ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങിയത്.
ചരിത്രം
-------------------------
എ.ഡി പത്താം നൂറ്റാണ്ടിൽ ചോളരാജവംശത്തിലെ ആദിത്യചോളനാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ നായക കാലഘട്ടത്തിൽ ക്ഷേത്രം പുതിക്കിപ്പണിയുകയും കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 4 മുതൽ 9 വരെയുമാണ് ദർശന സമയം.
കുംഭകോണത്ത് എന്റെ ലിസ്റ്റിലുണ്ടായിരുന്ന ക്ഷേത്രങ്ങളിലെ ദർശനം കഴിഞ്ഞതിനാൽ ഇനി അടുത്ത ലക്ഷ്യസ്ഥാനമായ ചിദംബരത്തേയ്ക്കാണ് ഇനി എനിക്ക് പോവേണ്ടത്. ചിദംബരത്തിലെത്തും മുമ്പ് വൈത്തീശ്വരൻ കോവിലിലും ദർശനം നടത്താൻ ഉദ്ദേശമുണ്ടായിരുന്നു. റൂമിലെത്തി കുറച്ചു വിശ്രമിച്ച ശേഷം യാത്ര ആരംഭിക്കാം എന്ന ലക്ഷ്യത്തോടെ ബസ് കാത്ത് നിന്നു.
തുടരും... വൈത്തീശ്വരൻ കോവിൽ

Friday, November 4, 2016

കുംഭകോണം ഉപ്പിലിയപ്പൻ ക്ഷേത്രം



കുംഭകോണം നഗരത്തിൽ നിന്നും 7 കിലോമീറ്റർ മാറി തിരുനാഗേശ്വരം എന്ന ഗ്രാമത്തിലാണ് വിഷ്ണു ക്ഷേത്രമായ ഉപ്പിലിയപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോക്കൽ ബസ് സ്റ്റാൻഡിൽ 10 മിനിട്ടത്തെ കാത്ത് നിൽപ്പിനു ശേഷമാണ് തിരുനാഗേശ്വരത്തിനുള്ള ബസ് ലഭിച്ചത്. 15 മിനിട്ടത്തെ യാത്രയിൽ തിരുനാഗേശ്വരം ക്ഷേത്രം കഴിഞ്ഞ് 500 മീറ്റർ കൂടി ചെന്നപ്പോൾ ഉപ്പിലിയപ്പൻ ക്ഷേത്രകവാടം കണ്ടു.
തമിഴ്നാട്ടിലെ തിരുപ്പതിയെന്നാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. കുംഭകോണത്തെത്തിയാൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ക്ഷേത്രമാണിത്. വിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രധാന ദേവൻ. ഉപ്പിലിയപ്പൻ പെരുമാൾ എന്ന പേരിലാണ് വിഷ്ണുവിനെ ഇവിടെ ആരാധിയ്ക്കുന്നത്. വിഷ്ണുവിന്റെ പത്നിയായ ഭൂമി ദേവി, ദേവിയുടെ പിതാവായ റിഷി മാർക്കണ്ഡേയൻ എന്നിവരുടെ പ്രതിഷ്ഠയുമുണ്ട് ക്ഷേത്രത്തിൽ. 108 ദിവ്യദേശങ്ങളിൽപ്പെടുന്ന ക്ഷേത്രമാണിത്. തിരുപ്പതി ക്ഷേത്രത്തിലേതിനു സമാനമായ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
ക്ഷേത്രത്തിനകത്ത് ഉപ്പുചേർത്ത് പാകം ചെയ്ത ഭക്ഷണസാധനങ്ങളൊന്നും കൊണ്ടുപോകാൻ പാടില്ല എന്നൊരു വിശ്വാസം ഉണ്ട്. ഉപ്പിലിയപ്പൻ എന്ന പേരും ലഭിച്ചത് ഈ ആചാരം മൂലമാണ്. വിഷ്ണുവിന് നിവേദിയ്ക്കുന്ന വിഭവങ്ങളെല്ലാം ഇവിടെ ഉപ്പുചേർക്കാതെയാണ് പാകം ചെയ്യുന്നത്. എല്ലാവർഷവും നടക്കുന്ന ബ്രഹ്മോത്സവും കല്യാണോത്സവുമാണ് ഇവിടുത്തെ പ്രധാന ആഘോഷം.
വലതുകൈകൊണ്ട് വലതുകാലിന്റെ തള്ളവിരൽ കുടിക്കാനൊരുങ്ങുന്ന ഉണ്ണിയായ കൃഷ്ണൻ ആദിശേഷനുമേൽ ശയിക്കുന്ന ഒരു മനോഹരശില്പം ഇവിടെയുണ്ട്.തീർത്ഥകുളം അഹോരാത്ര പുഷ്‌കരണിയെന്നാണ് അറിയപ്പെടുന്നത്. ഇതിൽ മുങ്ങി നിവർന്നാൽ ഏതു പാപവും ശാപവും ഇല്ലാതാകും, മോക്ഷവും ലഭിക്കും എന്ന് ഭക്തർ വിശ്വസിക്കുന്നു.
ചരിത്രം
----------------------
എട്ടാം നൂറ്റാണ്ടിൽ ചോളരാജാക്കൻമാരുടെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ച് രാജഗോപുരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ശ്രീനിവാസൻ, വെങ്കടാചലപതി, തിരുവിണ്ണാഗരപ്പൻ എന്നൊക്കെ വിശേഷിപ്പിക്കുന്ന വിഷ്ണുഭഗവാൻ കിഴക്കോട്ടഭിമുഖമായി നില്ക്കുന്ന രീതിയിലാണ് പ്രതിഷ്ഠ. ദേവി, ഭൂമീദേവി ഇരിക്കുന്ന നിലയിൽ വടക്കോട്ട് അഭിമുഖമായാണ് പ്രതിഷ്ഠ. മകളുടെ വിവാഹത്തിന്റെ കർമ്മങ്ങൾ നിർവ്വഹിക്കുന്ന രീതിയിൽ മാർക്കണ്ഡേയനുമുണ്ട്. ശ്രീകോവിൽ സ്വർണ്ണം പൊതിഞ്ഞിരിക്കുന്നു. രാവിലെ 6 മുതൽ 1 വരെയും, വൈകിട്ട് 4 മുതൽ 9 വരെയുമാണ് ദർശന സമയം.
സാമാന്യം തിരക്കുണ്ടായിരുന്ന ക്ഷേത്രത്തിൽ 30 മിനിട്ടോളം കാത്ത് നിന്നാണ് ദർശനം ലഭിച്ചത്. ക്ഷേത്രത്തിന്റെ നിർമ്മാണ രീതികളും ശിൽപചാതുരിയുമൊക്കെ ഒന്ന് ധൃതിയിൽ കണ്ട് തീർത്തു. ഇനി പോവേണ്ടത് രാഹു ക്ഷേത്രമായ തിരുനാഗേശ്വരത്തേക്കാണ്. രാഹു ദശാകാലത്തെ ദോഷങ്ങൾക്ക് ഇവിടെ നടത്തുന്ന പാലഭിഷേകം പരിഹാരമായി വിശ്വസിക്കുന്നുണ്ട്.
തുടരും തിരുനാഗേശ്വരം

കുംഭകോണം കാശിവിശ്വനാഥനും ശ്രീരാമസ്വാമിയും


ആദികുംഭേശ്വര ക്ഷേത്രത്തിൽ നിന്നും ഏതാനും വാരയകലെയാണ് കാശിവിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ട് ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ശിവഭഗവാനോടൊപ്പം പാർവ്വതീ ദേവിയെ വിശാലാക്ഷിയായും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. 72 അടി ഉയരമുണ്ട് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്.
ശിവ പാർവ്വതിമാർക്കൊപ്പം 9 പുണ്യനദികളെയും നവകന്യകമാരായി ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഗംഗ, യമുന, സരസ്വതി, നർമ്മദ, കാവേരി, ഗോദാവരി, കൃഷ്ണ, തുംഗഭദ്ര, സരയൂ എന്നീ നദികളെയാണ് നവകന്യകമാരായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഭക്തർ ആദ്യം ഈ നവകന്യകമാരെ തൊഴുതിട്ട് വേണം ശിവദർശനം നടത്തുവാൻ. ശ്രീരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണ് ക്ഷേത്രത്തിലെ ശിവലിംഗം എന്നാണ് വിശ്വാസം.
ചരിത്രം
--------------------
ഏഴാം നൂറ്റാണ്ടിൽ തന്നെയാണ് കാശിവിശ്വനാഥ ക്ഷേത്രവും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒരേ കാലഘട്ടത്തിൽ പണി തീർത്തവ ആണെങ്കിലും നിർമ്മാണരീതിയിൽ ആദികുംഭേശ്വര ക്ഷേത്രവുമായി പല കാര്യങ്ങളിലും പ്രകടമായ വ്യത്യാസം ഈ ക്ഷേത്രത്തിൽ നമുക്ക് കാണാം. എന്നാൽ പൂജാ സമ്പ്രദായങ്ങളിലും സമയത്തിലും രണ്ടു ക്ഷേത്രങ്ങളും സാമ്യത ഉണ്ട് താനും. രാവിലെ 6 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാണ് ദർശന സമയം.
സാധാരണ ദിവസങ്ങളിൽ വലിയ തിരക്കില്ലാതെ ശാന്തമായ അന്തരീക്ഷത്തിൽ ഭഗവത് ദർശനം ഇവിടെ സാധ്യമാണ്. 30 മിനിട്ടോളം മാത്രമേ ഞാൻ ക്ഷേത്രത്തിൽ ചിലവഴിച്ചുള്ളു. പെട്ടെന്ന് തന്നെ ദർശനം പൂർത്തിയാക്കി ശ്രീരാമക്ഷേത്രത്തിലേയ്ക്ക് നടന്നു.
രാമസ്വാമി ക്ഷേത്രം
------------------------------------------------
അതി മനോഹരമായ ശിൽപ ചാതുരിയിലാണ് കുംഭകോണത്തെ ശ്രീരാമ ക്ഷേത്രം പണിതിരിക്കുന്നത്. ശ്രീരാമൻ സീതാ സമേതനായി സഹോദരങ്ങളായ ഭരതനോടും ശത്രുഘ്‌നനോടും ലക്ഷ്മണനോടും ഭക്ത ഹനുമാനോടും ഒപ്പം പട്ടാഭിഷിക്തനാകും വിധമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുംഭകോണത്തെ ഈ ക്ഷേത്രത്തിൽ മാത്രമാണ് പട്ടാഭിഷേകം പ്രതിഷ്ഠയായി കാണാൻ കഴിയൂ എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.
ക്ഷേത്രത്തിന്റെ ചുറ്റുമതിലിൽ രാമായണ കഥ ചുവർചിത്രമായി വരഞ്ഞിരിക്കുന്നു. പ്രധാന ശ്രീകോവിൽ കൂടാതെ വിഭീഷണൻ, സുഗ്രീവൻ, അഹല്യ എന്നിവർക്കും പ്രത്യേക പ്രതിഷ്ഠ നടത്തി ഇവിടെ പൂജ നടത്തുന്നു. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയിൽ സംബന്ധിക്കുന്ന 5 വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് രാമസ്വാമി ക്ഷേത്രം.
ചരിത്രം
-------------------------------
പതിനാറാം നൂറ്റാണ്ടിൽ നായക കാലഘട്ടത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. രാവിലെ 5 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 9 വരെയുമാണ് ദർശന സമയം.
11 ഓടെ ദർശനം പൂർത്തിയാക്കി ഉപ്പിലിയപ്പൻ ക്ഷേത്രത്തിലേയ്ക്ക് തിരിച്ചു.
തുടരും ഉപ്പിലിയപ്പനും തിരുനാഗേശ്വരവും.

ആദി കുംഭേശ്വര ക്ഷേത്രം


പട്ടീശ്വരത്തു നിന്നും 15 മിനിട്ട് യാത്രയിൽ കുംഭകോണത്തേയ്ക്ക് എത്താം. നഗര മദ്ധ്യത്തിൽ ഹൈവേയോട് തൊട്ട് ചേർന്നാണ് ആദികുംഭേശ്വര ക്ഷേത്രവും, കാശി വിശ്വനാഥ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ഈ രണ്ട് മഹാക്ഷേത്രങ്ങളും തമ്മിൽ ഏതാനും വാരകളുടെ അകലം മാത്രമേ ഉള്ളു താനും. ക്ഷേത്രത്തിന് മുന്നിൽ തന്നെ ബസ് ഇറങ്ങി. റോഡിൽ നിന്നും നേരെ ക്ഷേത്ര കവാടത്തിലേയ്ക്കാണ് കടക്കുന്നത്.
കുംഭകോണം നഗരത്തിന് ഒത്ത മദ്ധ്യത്തിൽ ഏതാണ്ട് മുപ്പതിനായിരം ചതുരശ്ര അടിയിൽ നാല് ഏക്കറിലായാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും കല്ലിൽ കൊത്തിയെടുത്താണ് നിർമ്മാണം. ഈ ക്ഷേത്രത്തിന് തൊട്ടടുത്ത് തന്നെയാണ് പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയുടെ കുളവും ഉള്ളത്. പരമേശ്വരനെ ലിംഗരൂപത്തിൽ തന്നെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രധാന ശ്രീകോവിലിനുള്ളിൽ വളരെ അടുത്ത് നിന്നു തന്നെ നമുക്ക് ദർശനം നടത്താനും സാധിക്കും.
ശിവലിംഗത്തിന്റെ രൂപത്തിന് ഇവിടെ ചില പ്രത്യേകതകളുണ്ട്. സാധാരണ കല്ലിലോ സാളഗ്രാമത്തിലോ കൊത്തിയെടുത്ത ശിവലിംഗമാണ് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കുന്നതെങ്കിൽ ആദികുംഭേശ്വര ലിംഗം മണലും മറ്റ് ചില അപൂർവ്വ കൂട്ടുകളും ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. അത്‌കൊണ്ട് ഇവിടെ സാധാരണയായി അഭിഷേകങ്ങൾ നടത്താറില്ല. മാത്രമല്ല ശിവലിംഗാഗ്രം സ്തൂപികാരൂപത്തിലാണ് ഉള്ളതും. (ചിത്രം നോക്കുക)
പാർവ്വതീദേവിയുടെ പ്രതിഷ്ഠ ശിവപ്രതിഷ്ഠയുടെ ഇടതു വശത്തുള്ള ശ്രീകോവിലിലാണ് ഉള്ളത്. മംഗളാംബികൈ അമ്മൻ എന്നാണ് ദേവി ഇവിടെ അറിയപ്പെടുന്നത്. ഇത് കൂടാതെ നിരവധി ശ്രീകോവിലുകളും പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. 27 നക്ഷത്രങ്ങളും 12 രാശിയും കൊത്തിയിട്ടുള്ള ഒറ്റക്കല്ല്, വെള്ളിയിൽ പൂർണ്ണമായും പൊതിഞ്ഞ നാല് തേര് എന്നിവയും ക്ഷേത്രത്തിൽ നമുക്ക് കാണാം.
ചരിത്രം
---------------------------
ഏഴാം നൂറ്റാണ്ടിൽ ചോളരാജാക്കൻമാരാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. തുടർന്ന് 14-15 നൂറ്റാണ്ടുകളിൽ നായക കാലഘട്ടത്തിൽ ക്ഷേത്രം പുതുക്കി വിപൂലീകരിച്ച് പണിതിട്ടുമുണ്ട്.
പൂജ ദർശന സമയം
----------------------------------
ആറ് പൂജകളാണ് ക്ഷേത്രത്തിലുള്ളത്. രാവിലെ 6 മുതൽ 12.30 വരെയും വൈകിട്ട് 4 മുതൽ 9.30 വരെയുമാണ് ദർശന സമയം.
കുംഭകോണത്തിന് ആ പേര് ലഭിച്ചത് കുംഭേശ്വരനിൽ നിന്നാണ്. ആദികുംഭേശ്വരനെ മനസ്സ് നിറഞ്ഞ് വണങ്ങി തൊട്ടടുത്തുള്ള കാശിവിശ്വനാഥ ക്ഷേത്രത്തിലേയ്ക്ക് ഞാൻ കടന്നു.
(ചിത്രങ്ങളിൽ കുംഭമേളയുടെ ചിത്രവും കാണാം.)
തുടരും കാശിവിശ്വനാഥ ക്ഷേത്രം

പട്ടീശ്വരം കോവിൽ


സ്വാമിമലയിൽ നിന്നും ഇനി പോവേണ്ടത് പട്ടീശ്വരം ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലേയ്ക്കാണ്. സ്വാമിമലയിൽ നിന്നും ഒറ്റ ബസ്സിന് പട്ടീശ്വരത്തേയ്ക്ക് പോകുന്നത് അത്ര എളുപ്പമല്ല. സ്വാമിമലയിൽ നിന്നും 2 കിലോമീറ്റർ യാത്ര ചെയ്ത് കാഞ്ചീപുരം ഹൈവേയിലെത്തി അവിടെ നിന്നും പട്ടീശ്വരം വഴിയുള്ള ബസ്സ് പിടിച്ചാലേ ക്ഷേത്രത്തിലേയ്ക്ക് എത്താൻ കഴിയൂ. അധികം കാത്ത് നിൽക്കാതെ തന്നെ ബസ്സുകൾ ലഭിച്ച് 9ന് പട്ടീശ്വരം ക്ഷേത്ര സന്നിധിയിലെത്തി. തികച്ചും ഗ്രാമീണമായ കാർഷിക മേഖലയാണ് പട്ടീശ്വരം. കരിമ്പും, നെല്ലും കൃഷി ചെയ്യുന്ന വയലുകൾ ധാരാളമായി പോകും വഴിയിൽ കാണാൻ കഴിയും. ഇത് കൂടാതെ പട്ട്‌സാരി നെയ്ത്തും ചിലർ കുലത്തൊഴിലായി ഈ മേഖലയിൽ ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
ദുർഗ്ഗാദേവി ക്ഷേത്രമായാണ് പട്ടീശ്വരം അറിയപ്പെടുന്നതെങ്കിലും ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശിവനാണ്. ധേനുപുരേശ്വരൻ, പട്ടീശ്വരൻ എന്നീ പേരുകളിൽ ശിവഭഗവാൻ ഇവിടെ അറിയപ്പെടുന്നു. ശ്രീരാമനാണ് ഇവിടെ ശിവലിംഗപ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. എന്നാൽ ശാന്തസ്വരൂപിയായ ദുർഗ്ഗാദേവിയുടെ നാമത്തിലാണ് പട്ടീശ്വരം കോവിൽ പുറമേ അറിയപ്പെടുന്നത്. അഞ്ച് രാജഗോപുരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ നിന്നു തന്നെ ഉദ്ദേശം 8 അടിയെങ്കിലും ഉയരമുള്ള അഷ്ടബാഹുവായ അതിസുന്ദര ദേവീ വിഗ്രഹം നമുക്ക് കാണാൻ കഴിയും.
ശിവനെപ്പോലെതന്നെ ത്രിനേത്രയാണ് ഇവിടെ ദേവി. മാത്രമല്ല സാധാരണയായി ദുർഗ്ഗാക്ഷേത്രങ്ങളിൽ ദേവീ വാഹനമായ സിംഹം ദേവിയുടെ വലത്തു വശത്താണ് കാണപ്പെടുന്നതെങ്കിൽ ഇവിടെ ഇടത്തേയ്ക്ക് മുഖംതിരിച്ചാണ് നിൽക്കുന്നത്. പ്രധാനമായും രാഹുകേതു ദോഷപരിഹാരാർത്ഥമാണ് ഭക്തർ ഇവിടെ ദേവിയെ ഉപാസിക്കാൻ എത്തുന്നത്. അതുകൊണ്ട് തന്നെ രാഹുകാലങ്ങളിൽ ഇവിടെ ദേവിയ്ക്ക് പ്രത്യേകം പൂജകൾ നടത്തപ്പെടുന്നു. കൂടാതെ ചൊവ്വാദോഷപരിഹാരവും ഇവിടെ ലഭിക്കുമെന്നാണ് ഭക്തവിശ്വാസം. ഗണപതി, ഭൈരവൻ തുടങ്ങിയ പ്രതിഷ്ഠകളും ഇവിടെ ഉണ്ട്.
ചരിത്രം.
ക്ഷേത്ര നിർമ്മിതിയുടെ കാലഘട്ടം കൃത്യമായി എഴുതപ്പെട്ടിട്ടില്ല. എങ്കിലും പല്ലവ, ചോള, നായക കാലഘട്ടങ്ങളിൽ ക്ഷേത്രം നിർമ്മിക്കുകയും പുനർ നിർമ്മിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ചരിത്രകാരൻമാർ പറയുന്നത്. കാമധേനുവിന്റെ മകളായ പട്ടി (പശുക്കിടാവിന്റെ പേരാണ്) ഇവിടെ ശിവധ്യാനം നടത്തിയത് കൊണ്ടാണ് പട്ടീശ്വരം എന്ന പേര് ലഭിച്ചതെന്ന് ഐതിഹ്യത്തിൽ പറയപ്പെടുന്നു.
ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചതിന് ശേഷം കുംഭകോണത്തേയ്ക്ക് തിരികെ ബസ്സ് പിടിച്ചു. ഇനി ആദികുംഭേശ്വര ക്ഷേത്രവും, കാശിവിശ്വനാഥ ക്ഷേത്രവും ശ്രീരാമക്ഷേത്രവുമാണ് ദർശിക്കേണ്ടത്.
തുടരും ആദികുംഭേശ്വരനും മറ്റ് ക്ഷേത്രങ്ങളും

യാത്ര കുംഭകോണം ക്ഷേത്രങ്ങൾ


തിരുച്ചിറപ്പള്ളിയിൽ നിന്നും പിന്നീടെനിക്ക് പോകേണ്ടത് കൈലാസനാഥൻ നടരാജ രൂപത്തിൽ വിരാജിക്കുന്ന ചിദംബരത്തേക്കാണ്. ചിദംബരത്തേക്കുള്ള യാത്രാ മദ്ധ്യേ സന്ദർശിക്കാവുന്ന സ്ഥലമാണ് കുംഭകോണം. അക്ഷരാർത്ഥത്തിൽ ക്ഷേത്രനഗരി എന്ന വിശേഷണത്തിന് ഇത്രയും യോജിച്ച ഒരു പ്രേദേശം വേറെ ഉണ്ടാവില്ല. ഏതാണ്ട് 96 കിലോമീറ്ററാണ് ട്രിച്ചിയിൽ നിന്നും കുംഭകോണത്തേയ്ക്കുള്ളത്. തഞ്ചാവൂർ ജില്ലയിലാണ് കുംഭകോണം. ചരിത്രപഠേതാക്കൾക്ക് നിധിവേട്ടയ്ക്ക് ഉതകുന്ന സ്ഥലമാണ് തഞ്ചാവൂരെങ്കിലും ക്ഷേത്ര ദർശനവും അതോടൊപ്പമുള്ള കാഴ്ചകളും മാത്രമേ എന്റെ ലക്ഷ്യത്തിലുണ്ടായിരുന്നുള്ളു എന്നതിനാൽ തഞ്ചാവൂരിൽ ഇറങ്ങാതെയാണ് ഞാൻ യാത്ര തുടർന്നത്. രാത്രി പത്തുമണിയോടെ കുംഭകോണം ബസ് സ്റ്റാൻഡിൽ ഇറങ്ങി. അടുത്തു കണ്ട ചെറിയ ചായക്കടയിൽ നിന്നും ചായ മാത്രം കുടിച്ച് താമസ സൗകര്യം തിരക്കി നടന്നു. ബസ്റ്റാൻഡിനോട് ചേർന്ന് നിരവധി ലോഡ്ജുകളുണ്ട്, സാമാന്യം ഭേദപ്പെട്ട ഒരു സ്ഥലം കണ്ടെത്തി 700 രൂപ മുടക്കിൽ എ.സി റൂം തന്നെ തരപ്പെടുത്തി. കുളികഴിഞ്ഞ് പുറത്തിറങ്ങി ഭക്ഷണം കഴിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിറ്റേന്ന് സന്ദർശിക്കാൻ നിശ്ചയിച്ചിരുന്ന ചുരുക്കം ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. കുംഭകോണത്തും പരിസരങ്ങളിലുമായി നൂറ്റിഎൺപതോളം ക്ഷേത്രങ്ങളാണ് ഉള്ളത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ക്ഷേത്രങ്ങൾ ദർശിക്കാൻ എന്തായാലും അത്ര എളുപ്പമല്ല എന്ന് ഇവിടെ എത്തും മുമ്പേ മനസ്സിലാക്കുക എന്നതാണ് യാത്രികൻ ആദ്യമായി ചെയ്യേണ്ടത്. മുരുകന്റെ ആറുപടൈവീടുകളിൽ പെടുന്ന സ്വാമിമലൈ, ഭദ്രകാളി പ്രതിഷ്ഠയുള്ള പട്ടീശ്വരം, വിഷ്ണുക്ഷേത്രമായ ഉപ്പിലിയപ്പൻ, രാഹു ക്ഷേത്രമായ തിരുനാഗേശ്വരം, ശിവലിംഗത്തിന് ഗോപുരാകൃതിയുള്ള ആദി കുംഭേശ്വരക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, മഹാലിംഗസ്വാമി ക്ഷേത്രം, ശ്രീരാമസ്വാമി ക്ഷേത്രം ഇത്രയുമാണ് ഞാൻ സന്ദർശിക്കാൻ തീരുമാനിച്ച ക്ഷേത്രങ്ങൾ. ഒരു ദിനം കൊണ്ട് ഇത്രയും ക്ഷേത്ര ദർശനം കഴിച്ച് വൈത്തീശ്വരൻ കോവിലും സന്ദർശിച്ച് രാത്രിയോടെ ചിദംബരത്തെത്തുക എന്നതായിരുന്നു പദ്ധതി. ബസ്സിനെ മാത്രം ആശ്രയിച്ച് ഇത്രയും ക്ഷേത്രങ്ങൾ സന്ദർശിക്കാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇവിടേയ്‌ക്കെല്ലാം ട്രിപ്പ് ബസ്സ് ലഭ്യമാണെന്ന അറിവിന്റെ ധൈര്യത്തിൽ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് അതിരാവിലെ തന്നെ ഉണർന്ന് പ്രഭാത കൃത്യങ്ങൾ കഴിച്ച് ബസ് സ്റ്റാൻഡിലെത്തി. ഇക്കൂട്ടത്തിൽ ഏറ്റവും ദൂരെയുള്ള സ്വാമിമലയിൽ ആദ്യം ദർശനം നടത്താനാണ് തീരുമാനിച്ചത്.
സ്വാമിമല
-------------------------------------
12 കിലോമീറ്ററാണ് കുംഭകോണത്തു നിന്നും സ്വാമി മലയ്ക്കുള്ളത്. ദീർഘദൂര സർവ്വീസുകൾക്കും ലോക്കൽ സർവ്വീസുകൾക്കുമായി രണ്ട് ബസ് സ്റ്റാൻഡുകളാണ് കുംഭകോണത്തുള്ളത്. ലോക്കൽ ബസ് സ്റ്റാൻഡിൽ നിന്നും സ്വാമി മലയ്ക്കുള്ള ബസ് പിടിച്ച് 7 മണിയോടെ മലയടിവാരത്തെത്തി. പഴനിമലയുമായി തട്ടിച്ചു നോക്കിയാൽ വളരെ ചെറിയൊരു കുന്നിലാണ് ക്ഷേത്രം എന്ന് പറയാം. 60 പടികളാണ് ക്ഷേത്രത്തിലേക്കുള്ളത്. മലയടിവാരത്തിലെ വിവിധ ശ്രീകോവിലുകളിലായി പാർവ്വതീ പരമേശ്വരൻമാരും ഗണപതിയും വസിക്കുന്നു. ഇവിടെ ദർശനം കഴിഞ്ഞ് മലമുകളിലേയ്ക്ക് കയറാം.
10 മിനിട്ടിന്റ നടപ്പിൽ മലമുകളിലെ ക്ഷേത്രകവാടത്തിലെത്താം. ദ്രാവിഡ പതിവ് ശൈലിയിൽ കല്ലിൽ കൊത്തിയെടുത്ത നിർമാണരീതിയാണ് ഇവിടെയും അവലംബിച്ചിരിക്കുന്നത്. ശാന്തമായ അന്തരീക്ഷമാണ് സ്വാമിമലയുടെ ഏറ്റവും വലിയ പ്രത്യേകത. ശിൽപചാതുരി വഴിഞ്ഞൊഴുകുന്ന മുരുകന്റെ പൂർണ്ണകായത്തിലുള്ള മനോഹര വിഗ്രഹമാണ് ശ്രീകോവിലിൽ നമ്മെ എതിരേൽക്കുന്നത്. പൂജാരിയോട് വ്യക്തിപരമായി സംസാരിച്ചാൽ അർച്ചനയോ പൂജയോ നടത്തിക്കിട്ടും. വള്ളിയോടും ദേവസേനയോടുമൊപ്പമാണ് മുരുകൻ ഇവിടെ കുടികൊള്ളുന്നത്. നിരവധി ശിൽപങ്ങളും കല്ലിലെ കൊത്തുപണികളും കാണാനുമുണ്ട്.
ചരിത്രം
---------------------------------------------
ബി.സി രണ്ടാം നൂറ്റാണ്ടിലാണ് ക്ഷേത്ര നിർമ്മിതി നടന്നത്. 1740 ൽ മൈസൂർ രാജാവ് ഹൈദർ അലിയും ഇംഗ്ലീഷുകാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ക്ഷേത്രത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. പിന്നീട് പുനർ നിർമ്മിച്ചതാണ് ഇന്ന് കാണുന്ന ക്ഷേത്രം. കൃത്രിമമായി നിർമ്മിച്ച മലയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. മൂന്ന് ഗോപുരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ശൈവ സമ്പ്രദായത്തിലാണ് പൂജകൾ നടക്കുന്നത്. രാവിലെ 5 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 10 വരെയുമാണ് ദർശന സമയം.
8 മണിയോടെ ദർശനം കഴിഞ്ഞ് ഞാൻ മലയിറങ്ങി. ക്ഷേത്രത്തെ മാത്രം ആശ്രയിച്ച് നിലനിൽക്കുന്നതാണ് ഇവിടുത്തെ കടകൾ. ഒന്നോ രണ്ടോ ചെറിയ ഹോട്ടലുകളാണ് ഭക്ഷണത്തിനുള്ള ആശ്രയം. വലുപ്പത്തിൽ ചെറുതെങ്കിലും രുചിയിലും വൃത്തിയിലും മികച്ച നിലവാരമാണ് ഹോട്ടലുകൾക്കുള്ളത്. പതിവ് ഇഷ്ടഭോജ്യം ഇഡ്ഡലിയും ചായയും കഴിച്ചു. തുടർന്ന പട്ടീശ്വരം കോവിലിലേയ്ക്കുള്ള ബസിനായി കാത്തു നിന്നു.
തുടരും കുംഭകോണം മറ്റ് ക്ഷേത്രങ്ങൾ

ശ്രീരംഗം ക്ഷേത്രം


ജംബുകേശ്വര ക്ഷേത്രത്തിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തിലാണ് പ്രസിദ്ധമായ ശ്രീരംഗം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നടന്നോ ഓട്ടോറിക്ഷയിലോ ബസ്സിലോ ഇവിടേയ്ക്ക് എത്താവുന്നതാണ്.
ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ എട്ട് സ്വയംഭൂക്ഷേത്രങ്ങളിൽ വച്ച് സർവ്വ പ്രധാനമായ ക്ഷേത്രമാണ് ശ്രീരംഗം ക്ഷേത്രം. ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്ന, 108 വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നാമത്തെയും, ഏറ്റവും ശ്രദ്ധേയവും, സുപ്രധാനവുമാണ് ഈ ക്ഷേത്രം. തിരുവരംഗ തിരുപ്പതി, പെരിയകോവിൽ, ഭൂലോക വൈകുണ്ഠം എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഈ ക്ഷേത്രം ആകാരത്തിൽ വളരെ വലിപ്പമുള്ളതാണ്. ക്ഷേത്ര സമുച്ചയം സ്ഥിതിചെയ്യുന്നത് 156 ഏക്കർ സ്ഥലത്താണ്. ഇതിന് ഏഴ് പ്രാകാരങ്ങളുണ്ട്. ഇവ വലിയ കോട്ടകൊത്തളങ്ങളായി ശ്രീകോവിലിനു ചുറ്റുമായാണ് നിർമ്മിച്ചിരിക്കുന്നത്. ഈ പ്രാകാരങ്ങളിലായി പ്രൌഢ ഗംഭീരമായ 21 ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഏതൊരു സന്ദർശകനും ഒരു അനുപമമായ ഒരു ദൃശ്യവിരുന്നു തന്നെയായിരിക്കും. ഇരുപത്തിഒന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലുത് രാജഗോപുരം പതിമൂന്നു നിലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതും ആണ്. ശ്രീരംഗക്ഷേത്രമാണ് ലോകത്തിലെ ഇന്നും ഉപയോഗത്തിലുള്ള ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം. 631000 ചതുരശ്ര മീറ്റർ ആണ് ഇതിന്റെ വിസ്താരം. 4 കിലോമീറ്റർ ചുറ്റളവുണ്ട് ക്ഷേത്രസമുച്ചയത്തിന്. 72 മീറ്റർ ഉയരമുള്ള രാജഗോപുരം ഏഷ്യയിൽ ഏറ്റവും ഉയരമുള്ളതാണ്. ക്ഷേത്രം ഉണ്ടാക്കിയ കാലത്തെ ശ്രീരംഗം നഗരത്തിലെ ജനങ്ങൾ മുഴുവൻ ആ ക്ഷേത്രസമുച്ചയത്തിന്റെ ഉള്ളിൽ ആണ് ജീവിച്ചിരുന്നത് എന്നും ചരിത്രം പറയുമ്പോൾ ക്ഷേത്രത്തിന്റെ വലുപ്പം ഊഹിക്കാവുന്നതേയുള്ളു. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇരട്ടനദികളായ കാവേരി, കോളെറൂൺ എന്നിവയാൽ നിർമ്മിക്കപ്പെട്ട ഒരു ചെറു ദ്വീപിലാണ്.
നമ്മുടെ പദ്മനാഭസ്വാമിക്ഷേത്രത്തിലേതിന് സമാനമായ പ്രതിഷ്ഠയാണ് ശ്രീരംഗത്തുള്ളത്. അനന്തശയനമാണ് പ്രതിഷ്ഠ. ശ്രീകോവിലിനുള്ളിലെത്തുന്നത് വരെ പ്രതിഷ്ഠ നമുക്ക് കാണാൻ കഴിയില്ല എന്ന പ്രത്യേകതയും പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമാനമാണ്. സ്‌പെഷ്യൽ എൻട്രൻസ് ടിക്കറ്റ് എടുത്താൽ വലിയ തിരക്കില്ലാതെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിക്കാൻ സാധിക്കും.
രംഗനാഥപ്രഭുവിനെ കൂടാതെ നിരവധി ഉപപ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. രാവിലെ 6 ന് തുറക്കുന്ന ക്ഷേത്രത്തിൽ പൂജകൾക്കായി അടയ്ക്കുന്ന ഇടവേളകളിലൊഴികെ രാത്രി 9.30 വരെ ദർശനം നടത്താവുന്നതാണ്. രണ്ട് മണിക്കൂറെങ്കിലും ചിലവാക്കാനുണ്ടെങ്കിലെ ക്ഷേത്രം പൂർണമായും ഒന്ന് ഓടിച്ച് കണ്ടു തീർക്കാൻ കഴിയൂ എന്നത് ഓർമയിൽ വെയ്‌ക്കേണ്ടതാണ്.
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ സന്ദർശിച്ചതിൽ നിന്നും എനിക്ക് തോന്നിയ പ്രധാനപ്പെട്ട ഒരു കാര്യവും കൂടി പറയണമെന്ന് തോന്നുന്നു. ശൈവ വൈഷ്ണവ ക്ഷേത്രങ്ങൾ സന്ദർശിച്ചതിൽ നിന്നും അനുഭവത്തിലൂടെ മനസ്സിലാക്കിയ കാര്യമാണിത്. പൊതുവേ ശിവക്ഷേത്രങ്ങളെ അപേക്ഷിച്ച് വൈഷ്ണവ ക്ഷേത്രങ്ങളിലെ ജീവനക്കാർ ഭക്തരോട് അത്ര സൗഹാർദ്ദപരമായ സമീപനമല്ല ഇവിടങ്ങളിൽ വച്ചു പുലർത്തുന്നത്. ശ്രീരംഗത്തിലും അനുഭവം മറിച്ചായിരുന്നില്ല. കുറച്ചൊരു ധാർഷ്ട്യം കലർന്ന മനോഭാവം പൂജാരിമാർക്കും ജീവനക്കാർക്കും ഉണ്ട് എന്നാണ് എനിക്ക് തോന്നിയത്. കാരണങ്ങൾ പലതുണ്ടാവാം എങ്കിലും ഒരു മുൻധാരണ മനസ്സിലുണ്ടാവാൻ സൂചിപ്പിച്ചു എന്ന് മാത്രം.
തുടരും.....കുംഭകോണം ക്ഷേത്രനഗരി....

പഞ്ചഭൂത ക്ഷേത്ര ദര്‍ശനം

ഹൈന്ദവ വിശ്വാസത്തിൽ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിങ്ങനെയുള്ള പഞ്ചഭൂതങ്ങളുടെ സ്ഥാനം വലുതാണ്. ഈ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിച്ച് കൈലാസനാഥനായ ശ്രീപരമേശ്വരനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന അഞ്ച് ക്ഷേത്രങ്ങൾ ദക്ഷിണേന്ത്യയിൽ ഉണ്ട് എന്ന അറിവ് ലഭിച്ചിട്ട് ഒരു വർഷമേ ആകുന്നുള്ളു. ഇതേത്തുടർന്ന് ഈ ക്ഷേത്രങ്ങൾ സന്ദർശിക്കണമെന്ന കലശലായ മോഹവും ഉണ്ടായിരുന്നു. ഇവയിൽ നാലെണ്ണം തമിഴ് നിട്ടിലും ഒരെണ്ണം ആന്ധ്ര പ്രദേശിലുമാണ് ഉള്ളത്. ഭൂമിയെ പ്രതിനിധീകരിച്ച് തമിഴ് നാട്ടിലെ കാഞ്ചീപുരത്തുള്ള ഏകാംബരേശ്വര ക്ഷേത്രവും, ജലത്തെ പ്രതിനിധീകരിച്ച് തമിഴ്‌നാട്ടിലെ ട്രിച്ചിക്കടുത്ത് തിരുവണൈക്കാവലിലുള്ള ജംബുകേശ്വര ക്ഷേത്രവും, അഗ്നിയെ പ്രതിനിധീകരിച്ച് തമിഴ് നാട്ടിലെ തന്നെ തിരുവണ്ണാമലയിലുള്ള അരുണാചലേശ്വര ക്ഷേത്രവും, വായുവിനെ പ്രതിനിധീകരിച്ച് ആന്ധ്രപ്രദേശിലെ കാളഹസ്തിയിലുള്ള കാളഹസ്തീശ്വര ക്ഷേത്രവും ആകാശത്തെ പ്രതിനിധീകരിച്ച് തമിഴ്‌നാട്ടിലെ ചിദംബരത്തുള്ള തില്ലെ നടരാജ ക്ഷേത്രവുമാണ് ഈ അഞ്ചു മഹാ ക്ഷേത്രങ്ങൾ.

മൂന്ന് തവണയായി നടത്തിയ യാത്രകളിൽ ഈ അഞ്ചു ക്ഷേത്രങ്ങളും സന്ദർശിക്കാനുള്ള ഭാഗ്യം ലഭിച്ചു. കഴിഞ്ഞ മാർച്ചിൽ നടത്തിയ യാത്രയിൽ ക്ഷേത്രനഗരിയായ കുംഭകോണത്തെത്തുകയും പോകും വഴി ട്രിച്ചിയിൽ ഇറങ്ങി തിരുവണൈക്കാവലിൽ എത്തി ജലത്തെ പ്രതിനിധീകരിക്കുന്ന ജംബുകേശ്വരനെ ദർശിക്കുകയാണ് ആദ്യം ചെയ്തത്. ഒരേ യാത്രയിൽതന്നെ ഇത്തിരി പ്ലാനിംഗ് നടത്തി നിരവധി മഹാ ക്ഷേത്രങ്ങൾ ഒറ്റയടിക്ക് സന്ദർശിച്ചു എന്നതായിരുന്നു ഈ യാത്രയുടെ പ്രത്യേകത.

കമ്പത്തു നിന്നും തേനി, ഡിണ്ടുക്കൽ വഴി ട്രിച്ചിയിൽ ഇറങ്ങുകയാണ് ആദ്യം ചെയ്തത്. രാവിലെ 6.30 ന് ബസിലാണ് യാത്ര ആരംഭിച്ചത്. കമ്പത്തു നിന്നും പ്രഭാത ഭക്ഷണം കഴിച്ച് അടുത്ത ബസ്സിന് തേനിയിലിറങ്ങി അവിടെ നിന്നും ഡിണ്ടുക്കലിലേയ്ക്ക് വൺ ടു വൺ ബസ് പിടിച്ച് (തേനിയിൽ നിന്ന് ആരംഭിച്ച് ഡിണ്ടുക്കലിൽ മാത്രം നിർത്തുന്ന ബസ്) 10.30 ഓടെ ഡിണ്ടുക്കലിൽ എത്തി. തുടർന്ന് അടുത്ത നോൺസ്‌റ്റോപ്പിൽ കയറി 1 മണിയോടെ ട്രിച്ചിയിലെത്തി. ബസ് സ്റ്റാൻിന്റെ തൊട്ടു മുന്നിൽ തന്നെ നാലോളം വെജിറ്റേറിയൻ ഹോട്ടലുകൾ ഉണ്ട്. ഒട്ടും മോശമല്ലാത്ത സ്വാദിഷ്ഠമായ ഊണ് ഇവിടങ്ങളിൽ ലഭ്യമാണ്. ഇങ്ങനെ ആദ്യം കണ്ണിൽ പെട്ട ഒരു ഹോട്ടലിലാണ് ഉച്ചഭക്ഷണം കഴിക്കാൻ കയറിയത്. വിളമ്പുകാരനോട് അന്വേഷിച്ചാണ് ജംബുകേശ്വര ക്ഷേത്രത്തിലേയ്ക്കുള്ള വഴിയും മറ്റും മനസ്സിലാക്കിയത്. കൂട്ടത്തിൽ ജംബുകേശ്വര ക്ഷേത്രത്തിൽ നിന്നും വളരെ അകലെയല്ലാത്ത മറ്റ് രണ്ടു മഹാക്ഷേത്രങ്ങളെക്കുറിച്ച് വിവരം തന്നതും അദ്ദേഹമാണ്. അനന്തശയന രൂപത്തിൽ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീരംഗനാഥ ക്ഷേത്രവും, ഭദ്രകാളിയെ മാരിയമ്മനായി പ്രതിഷ്ഠിച്ചിരിക്കുന്ന സമയപുരവും ഇക്കൂട്ടത്തിൽ തന്നെ ദർശനം നടത്തി വരാവുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

വിഭവ സമൃദ്ധമായ ഊണിന് ശേഷം ലഭിച്ച സുഗന്ധമുറുക്കാനും ചവച്ച് ബസ് കണ്ടെത്തി തിരുവണൈക്കാവലിൽ ഇറങ്ങി (6 രൂപ ദൂരം). സ്റ്റോപ്പിൽ നിന്നും നടക്കാനുള്ള ദൂരത്തിൽ ക്ഷേത്ര ഗോപുരം കാണാൻ കഴിഞ്ഞു. ഒട്ടും തിരക്കില്ലാത്ത ക്ഷേത്രത്തിൽ ശ്രീകോവിലിലെ ഗർഭഗൃഹത്തിന് തൊട്ടു മുന്നിൽ വരെ നമുക്ക് കയറാൻ കഴിയും. ലിംഗരൂപത്തിലാണ് പ്രതിഷ്ഠ. ശിവലിംഗത്തിന് തൊട്ടുമുന്നിൽ തന്നെ പാതാളഗംഗയെ പ്രതിനിധീകരിക്കുന്ന ജലസാന്നിദ്ധ്യമുണ്ട്. ഒരു ചെറിയ ഇരുമ്പ് ദണ്ഡ് ഇതിലിളക്കി നമ്മെ പൂജാരി ഇത് കാട്ടിത്തരികയും ചെയ്യും. പത്ത് മനിട്ടോളം പ്രതിഷ്ഠയുടെ തൊട്ടുമുന്നിൽ ഇരിക്കാനും ധ്യാനിക്കാനും ലഭിച്ച അവസരം പാഴാക്കാതെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങി ഉപ ദേവതകളെ തൊഴുതു. ക്ഷേത്രം ആകെയൊന്ന് ചുറ്റി നടന്ന് കണ്ടു.

ചരിത്രം

1800 വർഷങ്ങൾക്ക് മുമ്പ് ഭരിച്ചിരുന്ന കൊച്ചങ്ങ ചോളൻ എന്ന ചോള മഹാരാജാവാണ് ക്ഷേത്രം നിർമ്മിക്കുതിന് നേതൃത്വം നൽകിയത്. തിരുച്ചിറപ്പള്ളിയിൽ കാവേരി നദിയിലെ ശ്രീരംഗം എന്ന ചെറു ദ്വീപിലാണ് ഈ ക്ഷേത്രം നിൽക്കുന്നത്. കാലപ്പഴക്കത്തെ അതിജീവിക്കുന്ന നിർമാണ വൈദഗ്ദ്ധ്യമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. കല്ലിൽ കൊത്തിയെടുത്ത് രൂപകൽപന ചെയ്യുന്ന ദ്രാവിഡ നിർമാണ രീതിയാണ് ഇവിടെയും അവലംബിച്ചിരിക്കുന്നത്. ശ്രീപാർവ്വതീ ദേവിയെ അഖിലാണ്ഡേസ്വരിയായും പ്രതിഷ്ഠിച്ചിരിക്കുന്നു. എല്ലാ ദിവസവും ഉച്ച പൂജ സമയത്ത് പൂജാരി സ്ത്രീ വേഷത്തിലാണ് ദേവിയെ പൂജിക്കുന്നത് എന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. 18 ഏക്കറിൽ 4 പ്രധാന ഗോരപുരങ്ങളോടെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പൂജാ സമയം

രാവിലെ 6.30 ന് നടതുറക്കും. തുടർന്ന് ഉച്ചയ്ക്ക് 12 ന് ഉച്ചപൂജയ്ക്ക് ശേഷം അടയ്ക്കുന്ന നട വൈകിട്ട് 5 ന് തുറക്കും രാത്രി 9 ന് അർദ്ധജാമ പൂജയ്ക്ക് ശേഷം നട അടയ്ക്കും.
തുടരും.......ഇനി ശ്രീരംഗം

STOLEN PATH

ഒറ്റയടിപ്പാതകളിലൂടെ നടത്തിയ ചില ജീവിത യാത്രകള്‍, ചില ചിന്തകള്‍, കുത്തിക്കുറിക്കലുകള്‍ അതാണ് ഈ STOLEN PATH

തിരിച്ചറിയുന്ന മനസ്സുകള്‍ക്കും ഒപ്പം നടക്കുന്നവര്‍ക്കും സമര്‍പ്പണം

STOLEN PATH